
കണ്ണൂർ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ഇന്നലെ രാവിലെ മുതൽ ജില്ലയിലെ വിവിധയിടങ്ങളിൽ ക യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിനിടെ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെ സി.പി.എം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു.
പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങളിലേക്ക് ആരോഗ്യ മന്ത്രി വീണാജോർജിന്റെ വാഹനം കടന്നുപോകുമ്പോഴാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ലീഗ് പ്രതിഷേധിക്കുന്ന വിവരം മുൻകൂട്ടിയറിഞ്ഞഅ നേരത്തെ ഡി.വൈ.എഫ്.ഐ, സി പി.എം പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ചിരുന്നു.
മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയാണെങ്കിൽ പ്രതിഷേധത്തിനെതിരെ പ്രതികരിക്കുമെന്ന് ഇവർ നേരത്തെ മുന്നറിയിപ്പ് നൽകിയതുമാണ്.
പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകർ ഷജീർ ഇക്ബാലിനെ മർദ്ദിച്ചെന്ന് ആരോപിച്ച് കാൽടെക്സിൽ യൂത്ത് ലീഗ് നേതാക്കൾ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. റോഡ് ഉപരോധിച്ച യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ.ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ,സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ, ജാബിർ പാട്ടയം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെമ്പേരിയിലും, ചെറുപുഴയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും മന്ത്രി വഴിമാറി ഊടുവഴിയിലൂടെ പോകുകയായിരുന്നു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, മിഥുൻ മാറോളി, പ്രിൻസ് ജോർജ്, ജിതിൻ കൊളപ്പ, ആൽവിൻ ജോസഫ്, രഞ്ജി അറബി, ജസിൽ കണിയാർവയൽ, ഹരികൃഷ്ണൻ പാളാട് എന്നിവരാണ് ഇവിടങ്ങളിൽ പ്രതിഷേധിക്കാൻ കാത്തുനിന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |