
വള്ളികുന്നം: വള്ളികുന്നത്തെ പാടശേഖരങ്ങൾ കതിർക്കനമുള്ളതാക്കാനുള്ള തൊടിയൂർ- ആറാട്ടുവഴി കനാൽ(ടി.എ കനാൽ) നവീകരണപദ്ധതി ഇനിയും സ്വപ്നം. ടി.എ.കനാൽ കടന്നുപോകുന്ന കോതകരയിൽ സംരക്ഷണഭിത്തിയ്ക്കും ഷട്ടറിനും കൃഷിവകുപ്പ് തുക അനുവദിച്ചെങ്കിലും, ബാക്കി ഭാഗങ്ങളിൽ നവീകരണം നടക്കാത്തതിനാൽ പദ്ധതിക്ക് പൂർണ്ണഫലമുണ്ടാകുന്നില്ല. കോതകരയിലൊഴികെ മഴക്കാലത്ത് പെയ്ത്തുവെള്ളം ഒഴുകാനും വരൾച്ചാ സീസണിൽ വെള്ളം നനയ്ക്കാനും സൗകര്യമില്ലാത്തതിനാൽ നെൽകൃഷി ചെയ്യാനാകാതെ കർഷകർ നിസഹായതയിലാണ്. മുമ്പ് നൂറുമേനി വിളവ് ലഭിച്ചിരുന്ന വള്ളികുന്നത്തെ പാടങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന ജലപാതയാണ് ആറാട്ടുവഴി–തൊടിയൂർ കനാൽ. തുടർച്ചയായ രണ്ട് പ്രളയങ്ങളിൽ കനാലിന്റെ വശങ്ങൾ ഇടിയുകയും മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെടുകയും ചെയ്തതാണ് നെൽകൃഷിക്ക് തടസമായത്. കേരള ലാന്റ് ഡവലപ്മെന്റ് കോർപ്പറേഷൻ, ഫിഷറീസ്, കൃഷി വകുപ്പുകൾ, ജില്ലാ പഞ്ചായത്ത് തുടങ്ങിയവയുടെയെല്ലാം സഹായം പദ്ധതിക്കായി തേടിയെങ്കിലും ഫണ്ട് ലഭിച്ചില്ല.
ഒന്നാംഘട്ടം പൂർത്തിയാക്കി
കോതകര പുഞ്ച കനാൽ സംരക്ഷണഭിത്തിയുടെയും ചീപ്പിന്റെയും നിർമ്മാണത്തിന് അനുവദിച്ച 1.38 കോടി രൂപയ്ക്ക് മാതൃഭൂമി സ്റ്റഡി സർക്കിൾ മുതൽ കാമ്പിശേരി പാലം വരെയുള്ള സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി.
കാമ്പിശേരി പാലം മുതലുള്ള 150 മീറ്റർ ദൂരത്തിലുള്ള നിർമ്മാണം കൂടി കഴിയുമ്പോൾ ഫണ്ട് തീരും.
കോതകര പുഞ്ചയുടെ മദ്ധ്യഭാഗത്ത് ഷട്ടർ നിർമ്മിച്ച് തൊടിയൂർ- ആറാട്ടുവഴി കനാലിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് സുഗമമാക്കിയാലേ വെള്ളപ്പൊക്കത്തിന് പരിഹാരമാകൂ.
വർഷങ്ങളായി തരിശ് കിടക്കുന്ന കോതകര 80ഹെക്ടർ പാടം വീണ്ടും കതിരണിയുന്നതിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.
വള്ളികുന്നത്തെ
പ്രധാന പുഞ്ചപ്പാടങ്ങൾ
വള്ളികുന്നം പുഞ്ച
പുഞ്ചവാഴ്ക പുഞ്ച
കാർത്ത്യായനിപുരം
കണ്ണഞ്ചാലിൽ
കോതകര പുഞ്ച
വള്ളികുന്നം സൗത്ത്
ഇലിപ്പക്കുളം
കോതകര പുഞ്ച നവീകരണ പദ്ധതിയിൽ ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. തൊടിയൂർ - ആറാട്ടുവഴി കനാൽ പൂർണമായും നവീകരിച്ചാലേ വള്ളികുന്നത്തെ പ്രധാന പാടശേഖരങ്ങളെല്ലാം കൃഷിയ്ക്ക് ഉപയുക്തമാക്കാൻ കഴിയൂ
- നിഖിൽ , കൃഷി ഓഫീസർ, വള്ളികുന്നം
തൊടിയൂർ - ആറാട്ടുവഴി കനാൽ പൂർണമായും നവീകരിച്ചാലേ പദ്ധതി പ്രയോജനപ്പെടൂ. നെൽകൃഷിയ്ക്കൊപ്പം കരകൃഷികൾക്കും ഇത് പ്രയോജനം ചെയ്യും
- പൊന്നൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |