തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും സൃഷ്ടിച്ച് കേരളത്തിന്റെ വടക്കേയറ്റം തൊട്ട് തെക്കേയറ്റം വരെ അലയടിച്ച പ്രചാരണക്കൊടുങ്കാറ്റ് ഇന്നലെ കെട്ടടങ്ങി. ഇന്ന് നിശബ്ദ പ്രചാരണം. നാളെ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനായി ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 24നാണ് വോട്ടെണ്ണൽ.
മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ വീറുറ്റ പോരാട്ടത്തിന്റെ ആവേശം കത്തി ജ്വലിപ്പിച്ചായിരുന്നു ഇന്നലെ വൈകിട്ട് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.
അഞ്ച് മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് ഒരുപക്ഷേ ആദ്യമാണ്. അതിന്റെ രാഷ്ട്രീയപ്രാധാന്യം പ്രചാരണഗോദയിലും നിറഞ്ഞുനിന്നു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും മുൻനിര നേതാക്കൾ കളത്തിലിറങ്ങി പ്രചാരണം കൊഴുപ്പിച്ചു.
ഒരു വർഷത്തിനപ്പുറം തദ്ദേശഭരണ തിരഞ്ഞെടുപ്പും ഒന്നര വർഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, മൂന്ന് മുന്നണികൾക്കും ആത്മവിശ്വാസമുയർത്താൻ ഉപതിരഞ്ഞെടുപ്പിൽ മികച്ച നേട്ടം അനിവാര്യം. ആരോപണ - പ്രത്യാരോപണങ്ങൾ കൊടുമ്പിരിക്കൊണ്ടപ്പോൾ, ചിലേടങ്ങളിലെങ്കിലും സ്ഥാനാർത്ഥികൾക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ വിവാദത്തിന്റെ ഓളങ്ങൾ തീർത്തു.
പരസ്യപ്രചാരണത്തിന്റെ അവസാന നാളുകൾ ജാതി, സമുദായ കേന്ദ്രീകൃതമായത് തിരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും രാഷ്ട്രീയപ്പാർട്ടികൾ രൂപീകരിച്ച കാലത്തിന് ശേഷം ഒരു സമുദായ സംഘടന പ്രത്യേക മുന്നണിക്കായി പരസ്യമായി രംഗത്തിറങ്ങുന്നത്, വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി എൻ.എസ്.എസാണ്. ഉപതിരഞ്ഞെടുപ്പിൽ നിഷ്‌പക്ഷ നിലപാടായിരിക്കുമെന്ന് പ്രഖ്യാപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ എൻ.എസ്.എസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചു.
ശബരിമല വിവാദം ചർച്ചയാക്കില്ലെന്ന് നേരത്തേ മുന്നണികൾ പ്രഖ്യാപിച്ചെങ്കിലും എൻ.എസ്.എസ് സ്വാധീനമണ്ഡലങ്ങളിൽ ചർച്ചയാക്കാൻ യു.ഡി.എഫ് ശ്രദ്ധിച്ചു. ശബരിമലയുടെ പേരിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എൻ.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ശബരിമല വികസനത്തിന് ചെലവിട്ട തുകയുടെ കണക്കുകൾ പറഞ്ഞ് വിശ്വാസികൾക്കൊപ്പം സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി സമർത്ഥിച്ചു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ബദൽ കണക്കും നിരത്തി.
പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയ ഊർജം കൈമുതലാക്കി അഞ്ചിടത്തും യുവാക്കളെ ഇറക്കി പട്ടിക ആദ്യമേ പ്രസിദ്ധീകരിച്ച ഇടതുനേതൃത്വം പ്രചാരണരംഗത്ത് തുടക്കംതൊട്ട് ആധിപത്യം പുലർത്തിയെങ്കിൽ മന്ത്രി കെ.ടി. ജലീലിനെതിരെയുയർന്ന വിവാദം അവസാനനിമിഷം അവരെ അല്പം പ്രതിരോധത്തിലാക്കി.
വിജയം ഉറപ്പിച്ച് മുന്നണികൾ
അഞ്ച് മണ്ഡലങ്ങളിൽ അരൂരൊഴിച്ചെല്ലാം യു.ഡി.എഫിന്റെ കൈവശമാണ്. പരമാവധി സീറ്റുകൾ പിടിച്ച് കരുത്ത് കാട്ടാനാണ് ഇടത് ശ്രമം. സർക്കാരിന്റെ വിലയിരുത്തലായി വിശേഷിപ്പിക്കപ്പെടുമെന്നതിനാൽ ചിട്ടയായ പ്രവർത്തനമാണ് ഇടതിന്റേത്. അരൂർ നിലനിറുത്തിയാലും പാലായുടെ ബലത്തിൽ പിടിച്ചുനിൽക്കാമെന്നതിനാൽ അധികം കിട്ടുന്നതെല്ലാം ബോണസാണ്. അത് നേടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനവർ ആഗ്രഹിക്കുന്നു. പാലാ കൈവിട്ട യു.ഡി.എഫിനാകട്ടെ സിറ്റിംഗ് സീറ്റുകൾ നാലും നിലനിറുത്തിയേ തീരൂ. അരൂരും പിടിച്ചെടുത്ത് സമ്പൂർണ വിജയത്തോടെ 'പാലാക്ഷീണം' മറികടക്കാനാണ് ശ്രമം. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പി കോന്നിയിൽ ഉൾപ്പെടെ വിജയ പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |