തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രണ്ടാമതും കത്തു നൽകി. എം.ജി സർവകലാശാലയിലെ ബി.ടെക് വിദ്യാർത്ഥികൾക്ക് അദാലത്തിൽ 5 മാർക്ക് ദാനം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കത്തുനൽകിയിരുന്നു. ഇതിൽ എം.ജി വൈസ്ചാൻസലറുടെ റിപ്പോർട്ട് രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കാൻ ചെന്നിത്തലയുടെ കത്ത് മുഖ്യമന്ത്രിക്കും അയച്ചുകൊടുത്തിരുന്നു. അതിനിടെയാണ് ഇന്നലെ വീണ്ടും കത്തുനൽകിയത്.
ഫലപ്രഖ്യാപനത്തിനുശേഷം മാർക്ക് ദാനം ചെയ്യാൻ ഡിൻഡിക്കേറ്റിനും അദാലത്ത് നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനും അധികാരമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദാലത്ത് നടത്താൻ അധികാരമില്ലെന്ന സർവകലാശാലാ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥകൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.ജി വാഴ്സിറ്റിയിലെ സിൻഡിക്കേറ്റംഗത്തിന് ഫാൾസ് നമ്പർ സഹിതം ഉത്തരക്കടലാസ് നൽകാൻ വി.സി നിർദ്ദേശിച്ചതും മന്ത്രി ജലീൽ ഇടപെട്ട് ചേർത്തല എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിനിയെ തിരുവനന്തപുരം വനിതാ കോളേജിലേക്ക് മാറ്റിയതുമെല്ലാം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |