
കോട്ടയം : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ആശങ്കയിലാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രവാസികളുടെ വീട്ടുകാർ. അറേബ്യൻ പ്രവാസികളിൽ നഴ്സുമാരടക്കം ഏറ്റവും കൂടുതൽ പേർ ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് ദുബായ്, ഷാർജ, കുവൈറ്റ്, അബുദാബി അടക്കമുള്ള രാജ്യങ്ങളിൽ ആയിരങ്ങളാണ് ജോലി ചെയ്യുന്നത്. സി.ബി.എസ്.ഇ പരീക്ഷകൾ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്നത് വിദ്യാർത്ഥികളെയും, മാതാപിതാക്കളെയും ആശങ്കയിലാക്കുന്നു. വിമാനങ്ങൾ റദ്ദാക്കിയത് മൂലം എയർപോർട്ടുകളിൽ കുടുങ്ങിയ ജില്ലയിൽ നിന്നുള്ളവരുമേറെ. താത്കാലിക വിസയ്ക്ക് അറേബ്യൻ രാജ്യങ്ങളിലേയ്ക്ക് പോയവരും എന്നു തിരിച്ചുവരാൻ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലാണ്. കുടുംബത്തിൽ മരണം, വിവാഹം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലർക്കുണ്ട്.
കൂടുതലും നഴ്സുമാർ
ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ കോട്ടയത്തുനിന്നുള്ള നഴ്സുമാർ വലിയൊരു വിഭാഗമാണ്. കൂടാതെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർ, വിവിധ കമ്പനികളിൽ മാനേജ്‌മെന്റ് വിദഗ്ദ്ധർ, നിർമ്മാണ - സേവന മേഖലകളിലെ തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്നു. പലരും കുടുംബസമേതം വർഷങ്ങളായി സ്ഥിരതാമസമാക്കിയവരാണ്. സുരക്ഷാ സ്ഥിതി നിയന്ത്രണത്തിലാണെന്ന് ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും യുദ്ധസാഹചര്യം ദൈർഘ്യമേറിയാൽ തൊഴിൽ, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെ ബാധിക്കുമോയെന്നതാണ് ആശങ്ക. ജില്ലയിലെ വിവിധ പ്രവാസി സംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഉയരുന്ന ആശങ്ക
താമസ സ്ഥലങ്ങളിൽ സ്ഫോടനത്തിന് സാദ്ധ്യത
പരീക്ഷ മുടങ്ങുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും
തൊഴിൽ നഷ്ടം, യുദ്ധം അനിശ്ചിതമായി നീണ്ടാൽ ജോലി ഭാവി
അവശ്യ സാധനങ്ങളുടെ ക്ഷാമം, ഭക്ഷണം അടക്കം വാങ്ങാൻ കഴിയില്ല
അവധി തീർന്നിട്ടും തിരിച്ചു പോകാൻ കഴിയാതെയുള്ളവർ
'' താമസ സ്ഥലത്തിന് മുകളിൽ നിരന്തരം ബോംബുകൾ പൊട്ടുന്നുണ്ടെന്നാണ് സഹോദരൻ പറഞ്ഞത്. പ്രാർത്ഥിച്ച് കഴിയുകയാണ്.
മാർവിൻ മാറാമറ്റം, പ്രവാസിയുടെ സഹോദരൻ
'' ദുബായിൽ നിന്ന് കമ്പനി ആവശ്യത്തിന് മകൻ ശ്രീലങ്കയിലേയ്ക്ക് പോയതാണ്. തിരികെ വരാൻ കഴിയാതെ കുടുങ്ങിക്കിടക്കുയാണ്.
ജോസ് കെ. സിറിയക് ,കടുത്തുരുത്തി
'' മലയാളികളുടെ സഹായത്തിനായി ഗ്ളോബൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. യാത്രാ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ്.
ഡോ.ആനി ലിബു, പ്രസിഡന്റ്, വേൾഡ് മലയാളി ഫെഡറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |