
ആലപ്പുഴ: പരിക്കേറ്റ യുവാവിനെ വാഹന പരിശോധനയ്ക്കിടെ റോഡിലുപേക്ഷിച്ചെന്ന പരാതിയിൽ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇക്കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് അർദ്ധരാത്രി ചെല്ലാനം ഹാർബറിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രൻ (28), കൊച്ചി കണ്ണമാലി സ്റ്റേഷനിലെ സി.പി.ഒ ബിജുമോൻ എന്നിവർക്ക് പരിക്കേറ്റ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമാന്റ് സെന്റർ അസി.കമ്മിഷണറുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
സംഭവത്തിൽ പൊലീസുകാർക്കെതിരെ ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിലാണ് അസി. കമ്മിഷണറുടെ റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ പൊലീസുകാരനെ മാത്രം ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ബൈക്ക് യാത്രക്കാരനെ റോഡിലുപേക്ഷിക്കുകയും ചെയ്തതിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, മതിയായ പൊലീസ് സംഘത്തെ ഹൈവേയിൽ വാഹന പരിശോധനയ്ക്ക് നിയോഗിക്കണമെന്ന മാർഗ്ഗനിർദ്ദേശം പാലിച്ചില്ലെന്നും രണ്ട് പൊലീസുകാർ മാത്രമാണ് സംഘത്തിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |