
ഉറ്റവരായെത്തിയത് പതിനായിരങ്ങൾ
കല്പറ്റ: മലപൊട്ടിയൊലിച്ച് വന്ന ഉരുളിൽ തകർന്നുപോയ ജനതയെ സർക്കാർ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് പതിനായിരങ്ങൾ. കൽപ്പറ്റ നഗരത്തോട് ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ ഇന്നലെ നടന്ന പരിപാടിയിലേക്ക് ഒഴുകിയെത്തിയ ജനബാഹുല്യം കണ്ടപ്പോൾ ദുരന്തമുണ്ടായ ദിവസങ്ങളാണ് ഏവരുടേയും മനസിലേക്ക് കടന്നുവന്നത്. വയനാടിനപ്പുറത്ത് വിവിധ ജില്ലകളിൽ നിന്ന് കിട്ടുന്ന വണ്ടികളിൽ കിലോമീറ്ററുകളോളം താണ്ടിയെത്തി സഹായ ഹസ്തം നീട്ടിയ മനുഷ്യരെ ഇന്നലേയും അവിടെക്കണ്ടു. ഉറ്റവർ നഷ്ടപ്പെട്ടെങ്കിലും കൂടെപ്പിറപ്പുകളെപ്പോലെ ഒഴുകിയെത്തിയ ജനം 178 വീട്ടുകാരുടെ വീടുകൈമാറലിന് കണ്ണീരണിഞ്ഞ് കൈയ്യടിച്ചു. പൊരിവെയിലിൽ ഇരിപ്പിടങ്ങൾ തികയാതെ വന്നപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേൾക്കാൻ മണിക്കൂറുകളോളം അവർ കാത്തിരുന്നു.7000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പന്തലാണ് ഒരുക്കിയിരുന്നത്. എന്നാൽ പന്തൽ നിറഞ്ഞതോടെ പുതുതായി നിർമ്മിച്ച വീടുകളുടെ മുകളിൽ വരെ ആളുകൾ എത്തി. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിൽ നിന്നും ആളുകൾ എത്തിയിരുന്നു. മലബാറിലെ ജില്ലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. ഇതേ തുടർന്ന് ഇന്നലെ പുലർച്ച മുതൽ തന്നെ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം നേരിട്ടിരുന്നു. വായിച്ചും കേട്ടും അറിഞ്ഞതിലും ഏറെ മനോഹരമാണ് ടൗൺഷിപ്പെന്ന് സന്ദർശകർ പറഞ്ഞു. ടൗൺഷിപ്പ് പദ്ധതിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും നടന്നുകൊണ്ടാണ് ആളുകൾ മടങ്ങിയത്.
എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകൾ ഉൾക്കൊള്ളുന്ന സമഗ്ര പുനരധിവാസ ഗ്രാമമാണ് ഒരുങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലെ 178 വീടുകളാണ് ഇന്നലെ തുറന്നുകൊടുത്തത്. വീടുകൾക്കൊപ്പം വീടിനും സ്ഥലത്തിനുമുള്ള പട്ടയവും മുഖ്യമന്ത്രി കൈമാറി. ബാക്കി വീടുകൾ അടുത്ത മഴയ്ക്ക് മുമ്പേ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും നല്കിയ ഉറപ്പ്. പദ്ധതിയുടെ ഭാഗമായി അങ്കണവാടി, പൊതുജനാരോഗ്യകേന്ദ്രം, കമ്യൂണിറ്റിഹാൾ, മാർക്കറ്റ്, ഫുട്ബോൾ ഗ്രൗണ്ട്, മാലിന്യസംസ്കരണ കേന്ദ്രം തുടങ്ങിയവയും വരും. ആയിരം സ്ക്വയർഫീറ്റിൽ ഒറ്റനിലയിലാണ് കെട്ടിടം പണിതതെങ്കിലും ഭാവിയിൽ രണ്ടുനില കെട്ടിടമാക്കി ഉയർത്താൻ പാകത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി നിർമാണം നടത്തിയത്. ഇനിയൊരു പ്രളയമുണ്ടായാൽ അതിനെ അതിജീവിക്കാൻ പാകത്തിന് ഉറപ്പോടെയാണ് നിർമാണം നടത്തിയതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. തകർന്നുപോയ സ്കൂളുകൾ അതേപോലെ പുനർ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
കിളി പറഞ്ഞ കഥയിൽ ഇനി പുതിയ അദ്ധ്യായം
കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് മുമ്പ് കുഞ്ഞു സഹോദരി സ്കൂൾ മാസികയിൽ എഴുതിയ ദുരന്തത്തെക്കുറിച്ചുള്ള കഥ, 'ഇവിടെ ഒരാപത്ത് വരും കുട്ടികളെ രക്ഷപ്പെട്ടോളൂ' എന്ന് ഒരു കിളി കുട്ടികളോട് പറയുന്നതാണ് കഥയുടെ ആശയം. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയായ ലെനയ്ക്ക് അന്ന് അത് കഥ മാത്രമായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം അത് ലെനയുടെ ജീവിതത്തിൽ യാഥാർത്ഥ്യമായി മാറി. ഉറ്റവർ നഷ്ടപ്പെട്ട വേദന അവളെ ഒരുപാട് ബാധിച്ചിരുന്നു. പക്ഷേ ഇന്ന് ലെന സന്തോഷത്തിലാണ്; ഒന്നാം സോണിലെ 76ാം നമ്പർ വീടിന്റെ പട്ടയം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം. എല്ലാം നഷ്ടപ്പെട്ട ശേഷം സ്വന്തമായി ഒരു വീട് ലഭിച്ചതെന്നത് ലെനയുടെ ജീവിതത്തിൽ പുതു ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അടയാളമാണ്. ഒരിക്കൽ വായിച്ച കഥയിലെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ പുതിയ അദ്ധ്യായമായി ടൗൺഷിപ്പ് മാറുകയാണ്.
പുതിയ വില്ലേജിലും ടൗൺഷിപ്പ് ; പട്ടയം കൈമാറി
കൽപ്പറ്റ: മേപ്പാടി പുതിയ വില്ലേജിൽ ചൂരൽമലയിലെ 13 പട്ടികവർഗ കുടുംബങ്ങൾക്ക് ടൗൺഷിപ്പ് ഉയരും. വെള്ളരിമല വില്ലേജിലെ സർവേ നമ്പർ 126 ൽ ഉൾപ്പെട്ട അഞ്ച് ഹെക്ടർ ഭൂമിയിലാണ് എൽസ്റ്റണിലേതിന് സമാനമായ ടൗൺഷിപ്പ് പൂർത്തീകരിക്കുന്നത്. ഏറാട്ടുകുണ്ട്, പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറി.
ഏൽസ്റ്റണിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഞ്ചിരിമട്ടം ഉന്നതിയിലെ ചണ്ണയ്ക്ക് രേഖ കൈമാറി. ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയുടെ രേഖയാണ് നൽകിയത്. പുതിയ വില്ലേജിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ 13 കുടുംബങ്ങളിലെ 57 പേർക്കാണ് തണലൊരുങ്ങുന്നത്. പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ കുടുംബങ്ങൾ സർക്കാറിന്റെ 2 ബി പട്ടികയിൽ ഉൾപ്പെട്ടവരാണ്. ദുരന്തബാധിത മേഖലയിലെ നോ ഗോ സോൺ മേഖലയിലൂടെ മാത്രം സഞ്ചാരപാതയുള്ളത് കൊണ്ടാണ് സർക്കാർ ഉന്നതിക്കാരെ പുതിയ വില്ലേജിലേക്ക് പുനരധിവസിപ്പിക്കുന്നത്. ഏറാട്ടുകുണ്ട് റെഡ് സോൺ പരിധിയിൽ ഉൾപ്പെട്ടതിനാൽ കാലവർഷങ്ങളിൽ താത്ക്കാലിക പുനരധിവാസം ആവശ്യമുള്ളതിനാലാണ് മേഖലയിലെ കുടുംബങ്ങളെ ടൗൺഷിപ്പിലേക്ക് പരിഗണിച്ചത്. ഊരാളുങ്കലിനാണ് നിർമ്മാണ ചുമതല.
സ്നേഹവീട്ടിലേക്ക് ഹർഷയും
വിങ്ങലായി അച്ഛന്റേയും അമ്മയുടെയും വേർപാട്
കൽപ്പറ്റ: അച്ഛന്റേയും അമ്മയുടേയും സ്വപ്നമായിരുന്നു ഒരുവീട്. ഒടുക്കം ഹർഷയ്ക്ക് വീടായി. സർക്കാർ അവരുടെ നോവറിഞ്ഞപ്പോൾ ആദ്യഘട്ടത്തിലെ പട്ടികയിൽ ഹർഷയും അനുജത്തി സ്നേഹയും ഉണ്ട്. ഇന്നലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 178 വീടുകൾ മുഖ്യമന്ത്രി പിണാറായി വിജയൻ കൈമാറുമ്പോൾ വീട്ടിനു മുമ്പിൽ ചൂരൽമല കൃഷ്ണനിവാസിൽ ഹർഷയുടെ അനുജത്തി സ്നേഹയും അച്ഛന്റെ സഹോദരി രാധയുമുണ്ടായിരുന്നു. ഹർഷ ലണ്ടനിൽ നഴ്സാണ്. അവൾക്ക് വരാൻ കഴിഞ്ഞില്ല. ദുരന്തത്തിൽ തകർന്നുപോയ വീടുപണയപ്പെടുത്തി ജീവിതം പച്ചപിടുപ്പിക്കാനായിരുന്നു ഹർഷയുടെ ലണ്ടൻ യാത്ര. അതിനിടയിലായിരുന്നു ദുരന്തം. കുടുംബത്തെയാകെ കടപുഴക്കികൊണ്ടുപോയപ്പോൾ രക്ഷപ്പെട്ടത് ഹർഷയും സഹോദരി സ്നേഹയും മാത്രം. കേഴിക്കോട്ട് പഠിക്കാനെത്തിയതിനാലാണ് സ്നേഹ ദുരന്തത്തിൽ അകപ്പെടാതെ പോയത്. തോട്ടം തൊഴിലാളിയായ അച്ഛൻ ബാലചന്ദ്രൻ, അമ്മ അജിത, ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്കരൻ, ഇളയ സഹോദരൻ വിജയൻ, ഭാസ്കരന്റെ മകൾ സൗഗന്ധിക, വിജയന്റെ മകൻ നിഖിൽ കൃഷ്ണ, പിന്നെ കുഞ്ഞുങ്ങളടക്കം ഒമ്പതുപേരെയാണ് അന്ന് ദുരന്തം കൊണ്ടുപോയത്. ദുരന്തവിവരമറിഞ്ഞ് ആഗസ്റ്റ് ഒന്നിന് ഹർഷ നാട്ടിലേക്കെത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് അച്ഛന്റേയും അമ്മയുടേയും മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയത്. ഇന്നലെ മുഖ്യമന്ത്രി വീട് കൈമാറി വീട്ടിനുള്ളിലെത്തുമ്പോൾ സ്നേഹയുടെ മുഖത്ത് സങ്കടക്കടലായിരുന്നു. എന്നിട്ടും അവൾ ചിരിച്ചു. വീടായില്ലേ, എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ഹൃദയം മുറിയുന്നതായിരുന്നു മറുപടി..' വീടായി, സർക്കാരിനോടും നാടിനോടും വലിയ കടപ്പാടുണ്ട്. പക്ഷെ വീട്ടിനുള്ളിൽ ഒരു കുടുംബം വേണ്ടേ...അച്ഛനും അമ്മയും ഇല്ലാതെങ്ങനെ ഇതൊരു വീടാകും....'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |