കൊച്ചി: ആഡംബര കാറുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ സീരിയൽ നടിയുടെ കോസ്റ്റ്യൂമും സ്വർണാഭരണങ്ങളും ഉൾപ്പെടെ കാർ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മലയാളം ടെലിവിഷൻ പരമ്പരകളിലെ അഭിനേതാവ് കൊല്ലം ഉളിയക്കോവിൽ സ്വദേശി സജിനയുടെ കാറാണ് കടത്തിയത്.
നടി താമസിക്കുന്ന കലൂർ കെന്റ് ഫ്ലാറ്റ് സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നാണ് ബി.എം. ഡബ്ല്യു കാർ കാണാതെ പോയത്. രാവിലെ ഷൂട്ടിംഗിന് പോകാൻ നടി എത്തിയപ്പോഴാണ് കാർ കാണാനില്ലെന്ന് അറിയുന്നത്. സജിനയുടെ കോസ്റ്റ്യൂമും ഇപ്പോൾ അഭിനയിക്കുന്ന സീരിയലിൽ ഉപയോഗിക്കുന്ന കണ്ട്യുനിറ്റി വസ്ത്രങ്ങളും കാറിലായിരുന്നു. ഒരു ജോഡി കൊലുസും താലിയും വളയുമുൾപ്പെടെ ആറര പവന്റെ സ്വർണാഭരണങ്ങളും കാറിലുണ്ടായിരുന്നതായി നടിയുടെ പരാതിയിൽ പറയുന്നു.
അതേസമയം, മലപ്പുറം സ്വദേശിയിൽ നിന്ന് നടി വാങ്ങിയ കാറിന്റെ വിലയുമായി ബന്ധപ്പെട്ട് ഉടമയും നടിയും തമ്മിൽ തർക്കം നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ വില ഉടമയ്ക്ക് പൂർണമായി നൽകിയിട്ടില്ലെന്നും ഇതേത്തുടർന്ന് ഉടമസ്ഥൻ നടിയറിയാതെ കാർ കൊണ്ടുപോയെന്നുമാണ് സംശയം. പാലാരിവട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |