ഡോ.വി.രാമൻകുട്ടി
( മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പൊതുജനാരോഗ്യ വിദഗ്ദ്ധനുമാണ് ലേഖകൻ)
കെ.പി ഉണ്ണിക്കൃഷ്ണന്റെ അനുജൻ എന്റെ മൂത്ത സഹോദരിയെ 1970ൽ വിവാഹം ചെയ്ത അവസരത്തിലാണ് ഞാൻ ഉണ്ണിയേട്ടനെ ആദ്യം കാണുന്നത്. അതിന്റെ അടുത്ത വർഷം അദ്ദേഹം കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായി.
അതിനുശേഷം എപ്പോൾ ദില്ലിയിൽ ചെന്നാലും അദ്ദേഹത്തെ കാണാൻ പോകുന്ന പതിവുണ്ട്. ഇടയ്ക്ക് തിരക്കുമൂലം അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനെക്കുറിച്ച് അറിഞ്ഞാൽ അദ്ദേഹം പരിഭവിക്കുമായിരുന്നു. ഞാൻ എം.ബി.ബി.എസ് പാസായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് എഴുതാനായി 1977 ദില്ലിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ മാസങ്ങളോളം തങ്ങുകയുണ്ടായി. ആ ഇടയാണ് അദ്ദേഹത്തിന്റെ വിവാഹം നടന്നത്. അന്നാണ് അദ്ദേഹത്തെ കൂടുതൽ അടുത്ത് പരിചയപ്പെടാൻ സന്ദർഭം കിട്ടിയത്. വിവിധങ്ങളായ വിഷയങ്ങളിൽ ഇത്രയധികം താത്പര്യമുള്ള രാഷ്ട്രീയ നേതാക്കളെ ഞാൻ അധികം കണ്ടിട്ടില്ല.
അദ്ദേഹത്തിന്റെ പുസ്തക ശേഖരം ഒരു അത്ഭുതം തന്നെയായിരുന്നു. ഞാൻ അവിടെ കഴിഞ്ഞിരുന്ന അവസരത്തിൽ വരച്ച കുറെ കാരിക്കേച്ചറുകൾ കണ്ട് എന്നെ പ്രശസ്തരായ പല മലയാളി പത്രപ്രവർത്തകർക്കും പരിചയപ്പെടുത്തി. എൻട്രൻസ് പരീക്ഷ ജയിക്കാത്തതുകൊണ്ട് എനിക്ക് ഡൽഹി വിടേണ്ടി വന്നപ്പോൾ എന്റെ കാർട്ടൂണിസ്റ്റ് സ്വപ്നവും കൈവിട്ടു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. 'കൂടെ വരൂ' എന്ന് ക്ഷണിച്ചത് പ്രകാരം ഞാനും കാറിൽ കയറിക്കൂടി. ആദ്യം പോയത് ഖാൻ മാർക്കറ്റിലെ ഒരു വലിയ പുസ്തകശാലയിലേക്കാണ്. അവിടെയുള്ള സകല സെക്ഷനിലും കറങ്ങി നടക്കുകയും പല പുസ്തകങ്ങളും തിരഞ്ഞെടുക്കുന്നതും കണ്ടു. അതിനിടയിൽ എന്റെ കൈയിൽ വന്ന ഒരു പുസ്തകം അമേരിക്കൻ ഉപരാഷ്ട്രപതി അൽ ഗോർ എഴുതിയ കാലാവസ്ഥ മാറ്റത്തിനു തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിക്കുന്ന പുസ്തകം ആയിരുന്നു. ഞാൻ അതിൽ ശ്രദ്ധിക്കുന്നത് കണ്ട് അതും എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് സമ്മാനിച്ചു. രണ്ടുമാസം മുമ്പ് കോഴിക്കോട്ട് ചെന്ന് കണ്ടപ്പോൾ തീരെ അവശനായിരുന്നു എങ്കിലും എന്നോട് അൽപനേരം സംസാരിച്ചു, കുടുംബ കാര്യങ്ങൾ ചോദിച്ചു. എന്റെ ജീവിതത്തിലെ ഒരു വലിയ സ്നേഹ സാന്നിദ്ധ്യം തന്നെയാണ് ഉണ്ണിയേട്ടന്റെ വിയോഗത്തോടെ നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |