വടകര : വടകരയുടെ പാർലമെന്റിലെ ശബ്ദമാകാൻ നീണ്ട 25 വർഷക്കാലം നിയോഗം ലഭിച്ച രാഷ്ട്രീയ അതികായനാണ് കെ.പി ഉണ്ണിക്കൃഷ്ണൻ. കോൺഗ്രസിലെ യുവതുർക്കി പിന്നീട് ഇടത് രാഷ്ട്രീയത്തിന്റെ പടക്കുതിരയാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. കുവൈറ്റ് എയർലിഫ്റ്റ് ഇടപെടൽ മാത്രം മതി വടകരക്കാർക്ക് കെ.പി ഉണ്ണിക്കൃഷ്ണനെ ഓർക്കാൻ. ഇന്ത്യൻ പ്രവാസികളെ പ്രത്യേകിച്ച് മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഷിപ്പിംഗ്, ഗതാഗത ക്രമീകരണങ്ങൾക്ക് വ്യക്തിപരമായി മേൽനോട്ടം വഹിച്ചു. തലശ്ശേരി, കൂത്തുപറമ്പ് , വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പഴയ വടകര പാർലമെന്റ് മണ്ഡലത്തെ കാർഷിക സമ്പദ്വ്യവസ്ഥയിൽ നിന്ന് മികച്ച കണക്ടിവിറ്റിയും വ്യാവസായിക സാദ്ധ്യതയിലേക്കുള്ള പരിവർത്തനവും അദ്ദേഹം സ്വപ്നം കണ്ടു. വടകരയുടെ വികസനം മുൻ നിർത്തി കൊങ്കൺ റെയിൽവേയുടെ വിന്യാസത്തിനും പൂർത്തീകരണത്തിനും ശബ്ദമുയർത്തി. ഇതിലൂടെ മുംബയിലേക്കും വടക്കേ ഇന്ത്യയിലേക്കും അതിവേഗ റെയിൽ ലിങ്ക് സാദ്ധ്യമായി, ഇത് പ്രാദേശിക സുഗന്ധവ്യഞ്ജന, നാളികേര കർഷകർക്ക് വ്യാപാരത്തിൽ വലിയ മുന്നേറ്റം സാദ്ധ്യമാക്കി.
വടകര റെയിൽവേ സ്റ്റേഷനെ മോഡൽ സ്റ്റേഷനായി ഉയർത്തി. 1970 കളിലും 80 കളിലും എൻ.എച്ച് 17 (ഇപ്പോൾ എൻഎച്ച് 66) വീതികൂട്ടി നവീകരിക്കുന്നതിന് കേന്ദ്ര പരിഗണന ലഭ്യമാക്കി. വടകര മണൽത്തീരങ്ങളുടെയും ടൂറിസത്തിന്റെയും വികസനം കേന്ദ്ര സ്പോൺസേഡ് സ്കീമുകൾ (സി.എസ്.എസ്) ഉപയോഗിച്ച് മൂരാട് നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനം എടുത്തുകാണിക്കുന്ന ടൂറിസം വികസനത്തിനും തുടക്കമിട്ടു.കയർ ബോർഡിനും നാളികേര വികസന ബോർഡിനും രൂപം നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്യുന്നതിലൂടെ നാടിന്റെ മണ്ണു തൊട്ടറിഞ്ഞുള്ള വികസനം സാദ്ധ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |