SignIn
Kerala Kaumudi Online
Wednesday, 04 March 2026 9.08 AM IST

വെള്ളംതേടി കല്ലാറ്റിലേക്ക്: കൗതുകമായി കാട്ടാനകൾ കാണാൻ കാഴ്ചക്കാരേറെ

Increase Font Size Decrease Font Size Print Page
elephant-

കോന്നി: വനപാതയിലെ കാട്ടാനകൾ യാത്രക്കാർക്ക് കൗതുകമാകുന്നു. തണ്ണിത്തോട് - കോന്നി റോഡ് മുറിച്ചുകടന്ന് കല്ലാറ്റിൽ വെള്ളം കുടിക്കാനായാണ് ആനകൾ പോകുന്നത്. വനഭാഗത്തെ പേരുവാലി മുതൽ ഇലവുങ്കൽ വരെയുള്ള ഭാഗത്താണ് മിക്കപ്പോഴും കാട്ടാനകൾ ഇറങ്ങുന്നത്. വേനൽ കനത്തതോടെ വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടം തീറ്റയെടുത്ത് കല്ലാറ്റിൽ കുളിച്ചതിന് ശേഷമാണ് വനത്തിലേക്ക് മടങ്ങുന്നത്. വെയിൽ മങ്ങി വൈകുന്നേരത്തോടെ ഇറങ്ങുന്ന കാട്ടാനകൾ വാഹനത്തിരക്ക് കുറയുന്നതു വരെ റോഡരികിൽ മാറിനിന്ന ശേഷമാകും റോഡ് കുറുകെക്കടന്ന് കല്ലാറ്റിലേക്ക് പോകുന്നത്. കോന്നി - തണ്ണിത്തോട് വനപാതയിലെ എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങളിൽ ഏഴോളം ആനത്താരകളാണ് ഉള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ കാഴ്ചകൾ കൗതുകമായി മാറുകയാണ്.

വേനൽ കനത്തതോടെ വെള്ളം തേടിയാണ് ആനകൾ കാടുവിട്ട് നാട്ടിലെത്തുന്നത്. വനത്തിലെ നീർച്ചാലുകളും സ്വാഭാവിക കുളങ്ങളും വറ്റിവരണ്ടു. ഇതോടെ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ കാടുവിട്ടിറങ്ങുകയാണ്. നാട്ടിൽ വന്യമൃഗ ശല്യത്തിനും ഇത് കാരണമാകും. ഇതിന് പരിഹാരമായി വനംവകുപ്പ് കാടിനുള്ളിൽ വിവിധ ഭാഗങ്ങളിൽ കുളങ്ങൾ നിർമ്മിച്ചിരുന്നു. പക്ഷേ വേനൽ രൂക്ഷമായതോടെ ഇതുകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.

അടുത്തുചെല്ലുന്നത് അപകടം

മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താനായി വാഹനം നിറുത്തി ഇറങ്ങി കാട്ടാനയുടെ അടുത്തേക്ക് പോകുന്നത് അപകടത്തിനിടയാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കുട്ടിയാന ഉൾപ്പെടെയുള്ള ആനക്കൂട്ടമാണെങ്കിൽ കൂടുതൽ അടുത്തേക്ക് ചെല്ലുകയോ, ശബ്ദമുണ്ടാക്കിയോ ഹോൺ മുഴക്കിയോ പ്രകോപനമുണ്ടാക്കുകയോ ചെയ്താൽ പെട്ടെന്ന് ആക്രമണത്തിന് മുതിരും. ദിവസങ്ങൾക്ക് മുമ്പ് മുണ്ടോംമൂഴിക്ക് സമീപം റോഡരികിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇതുവഴി വന്ന യാത്രക്കാരിൽ പലരും വാഹനം നിറുത്തിയിട്ട ശേഷം കൂടുതൽ അടുത്തേക്ക് എത്തി മൊബൈൽ ഫോണിൽ കാട്ടാനയുടെ ചിത്രവും വീഡിയോയും എടുക്കുന്നുണ്ടായിരുന്നു.

യാത്രക്കാരും സഞ്ചാരികളും കാട്ടാനയുടെ അടുത്തേക്കു പോയി ചിത്രമെടുക്കുകയോ വാഹനം നിറുത്തി പുറത്തിറങ്ങുകയോ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും.

ആയുഷ് കുമാർ കോറി ( കോന്നി ഡി.എഫ്. ഒ )

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.