
കാട്ടാക്കട : വെള്ളനാട് ഗ്രാമ പഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ഓഫീസിന് മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ
ധർണ നടത്തി.മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി പ്രതിയായി മുങ്ങിയതാണ് ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിന് കാരണം. ഫെബ്രുവരിയിലെ ശമ്പളം ഇന്നലെയും ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ജീവനക്കാർക്ക് ശമ്പള വിതരണം ചെയ്യണമെന്ന ആവശ്യവുമായി എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ക്ലാർക്ക്, താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ 33 പേർക്കാണ് ശമ്പളം ലഭിക്കാത്തത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. എം. ജാഫർഖാൻ ധർണ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ സെക്രട്ടറി നിസാം അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ എ.ആർ.അജിത് സ്വാഗതം പറഞ്ഞു.നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി മറുതൂർ ബിജോയ് സൗത്ത് ജില്ലാ പ്രഡിഡന്റ് സതീഷ്,ബ്രാഞ്ച് സെക്രട്ടറി ബിജു,പ്രസിഡന്റ് എസ്.എ.സുഷാഗ് എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് എസ്. എ. സുഷാഗ് നന്ദി പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാനും പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഇന്ന് വൈകുന്നേരത്തിനകം ട്രഷറി മുഖേന ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതായി സംഘടന ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |