മല്ലപ്പള്ളി: കുമ്പളന്താനം - വെള്ളയിൽ -ഇരുമ്പു കുഴി റോഡിൽ ടാറിംഗ് തകർന്ന് മെറ്റൽ ഇളകിമാറി കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനയാത്രികരെ അപകടക്കെണിയിലാക്കുന്നു. കൊറ്റനാട് പഞ്ചായത്തിലെ കുമ്പളന്താനം സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ജില്ലാ ഹോമിയോ ആശുപത്രി, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളും പത്തിലേറെ ബസ് സർവീസുകളും ദിവസവും പോകുന്ന മലയോരമേഖലയിലെ ഏറെ വാഹന തിരക്കുള്ള റോഡാണിത്. വേനൽ മഴ ഇടവിട്ട് പെയ്യുന്നതോടെ കുഴി വീണ്ടും വലുതായി. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ കുഴിയുള്ള കാര്യം പലർക്കുമറിയില്ല. ഇതുമൂലവും, രാത്രികാലങ്ങളിലും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ ഞാറാഴ്ച രാത്രി 10ന് വെള്ളയിൽ പൂരം കാണാൻ എത്തിയ പുല്ലാട് ആത്മാവ്കവല സ്വദേശി ജോബിൻ ഇരുമ്പുഴി ജംഗ്ഷന് സമീപത്തെ കുഴിയിൽ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ വലതു കാലിന് പൊട്ടലേറ്റിരുന്നു. ഇദ്ദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണിയില്ല
2021- ൽ ടാറിംഗ് നടത്തിയ റോഡിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. ആറുമാസം മുമ്പ് റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും റോഡ് നവീകരണം ആരംഭിക്കാനായില്ല. ഇപ്പോൾ റോഡ് പൂർണമായും തകർച്ചയിലാണ്. പൂവനക്കടവ് - ചെറുകോൽപ്പുഴ, തുണ്ടിയിൽക്കടവ് എഴുമറ്റൂർ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. റോഡ് നവീകരണത്തിന് ശേഷം ഓടകൾ നിർമ്മിക്കാത്തതും നിലവിലുള്ള ഓടകൾ വൃത്തിയാക്കാത്തതുമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപവും ശക്തമാണ്.
............................................
കുമളി, ചെങ്ങന്നൂർ, തിരുവല്ല, റാന്നി ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസ് സർവീസുകളും,ആശുപത്രികളും വിദ്യാലയങ്ങളും ഉള്ള കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള റോഡിന്റെ നവീകരണമാണ് വൈകുന്നത്. തിരഞ്ഞെടുപ്പിനെ മുമ്പിൽ കണ്ട് മാത്രമാണ് നവീകര തുക പ്രഖ്യാപിച്ചത്. റോഡ് നവീകരണത്തിന് ഈ തുക പര്യാപ്തമല്ല.
ബിജു
പഴമണ്ണിൽ
(പ്രദേശവാസി)
.............................................
എം.എൽ.എ ഫണ്ടിൽ നിന്നും 30ലക്ഷം അനുവദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |