കൽപ്പറ്റ: നഗരസഭ ടൗൺഹാളിന് പുതിയ സ്ഥലം കണ്ടെത്താൻ തീരുമാനം. പഴയ ടൗൺഹാൾ പൊളിച്ചു നീക്കിയ സ്ഥലത്ത് അസൗകര്യങ്ങൾ ഉള്ളതിനാലാണ് പുതിയ സ്ഥലം കണ്ടെത്തുന്നത്. പിണങ്ങോട് റോഡിൽ തന്നെ അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാനാണ് നഗരസഭ ആലോചിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാകും ടൗൺ ഹാൾ നിർമ്മിക്കുകയെന്ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ പറഞ്ഞു. നേരത്തെ പിണങ്ങോട് റോഡിൽ നിന്നും അല്പം മാറിയാണ് നഗരസഭയുടെ ടൗൺഹാൾ പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതോടെ 2023 ലാണ് പൊളിച്ചു നീക്കിയത്. പുതിയ ടൗൺ ഹാൾ കെട്ടിടം നിർമ്മിക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആറുകോടി രൂപ വകയിരുത്തുകയും ചെയ്തു. സ്ഥലപരിമിതിയെ തുടർന്ന് സമീപത്തെ 20 സെന്റ് സ്ഥലം നഗരസഭ ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഭൂമിയുടെ തരം മാറ്റലിന് കാലതാമസം നേരിട്ടതാണ് പ്രതിസന്ധിയായത്. കഴിഞ്ഞ ഭരണസമിതിക്ക് ടൗൺ ഹാൾ നിർമ്മിക്കാൻ കഴിഞ്ഞില്ല. സ്ഥലത്തേക്കുള്ള റോഡ് വീതി കുറഞ്ഞതായതിനാൽ കുറച്ചുകൂടി അനുയോജ്യമായ മറ്റു സ്ഥലം കണ്ടെത്തുകയാണ് നഗരസഭയുടെ ലക്ഷ്യം. പിണങ്ങോട് റോഡിൽ തന്നെയുള്ള അനുയോജ്യമായ സ്ഥലം നഗരസഭ ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കും. ഒരു വർഷത്തിനകം തന്നെ ടൗൺ ഹാൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഒരു ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യം ഒരുക്കും. രണ്ടു നിലകളിലായി ഓഡിറ്റോറിയങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പാർക്കിംഗ് സൗകര്യം ഒരുക്കും. നഗരസഭ ടൗൺഹാൾ ഇല്ലാത്തതിനാൽ തന്നെ സാധാരണക്കാർക്ക് വലിയ പ്രയാസം നേരിടുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്വകാര്യ ഓഡിറ്റോറിയങ്ങളിൽ ദിവസ വാടക ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തുകയല്ല. കുറഞ്ഞ ചിലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന മറ്റ് ഓഡിറ്റോറിയങ്ങളും കൽപ്പറ്റയ്ക്ക് സമീപം ഇല്ല. അതിനാൽ തന്നെ നഗരസഭയുടെ ഓഡിറ്റോറിയം യാഥാർത്ഥ്യമാകുന്നതോടെ വലിയ ആശ്വാസമാകും എന്നാണ് കണക്കാക്കുന്നത്.
നേരത്തെ ടൗൺഹാളുണ്ടായിരുന്ന സ്ഥലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |