
കൊല്ലം: സംസ്ഥാനത്തെ ആദ്യ ഡ്രോൺ റിസർച്ച് പാർക്ക് എഴുകോണിൽ തുടങ്ങി, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി എഴുകോൺ പോളി ടെക്നിക് കോളേജിനോട് ചേർന്നാണ് ഡ്രോൺ പാർക്കിന്റെ ട്രാൻസിറ്റ് ക്യാമ്പസ് തുടങ്ങിയത്. ഡ്രോൺ നിർമ്മാണം,പറത്തൽ പരിശീലനം,ഗവേഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്. തൃക്കണ്ണമംഗൽ ഇ.ടി.സിയിൽ റവന്യൂ വകുപ്പിന്റെ ഭൂമി ലഭിക്കുന്ന മുറയ്ക്ക് ഡ്രോൺ റിസർച്ച് പാർക്കിന് സ്ഥിരം സംവിധാനമുണ്ടാകും. 2025ലെ സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. ഇത്തവണത്തെ ബഡ്ജറ്റിൽ 5 കോടി രൂപകൂടി അനുവദിച്ചു. ആ നിലയിൽ ഏറ്റവും മികച്ച സംവിധാനങ്ങളും കെട്ടിടങ്ങളുമടക്കമാണ് ഇവിടെ സജ്ജമാക്കുക.
വലിയ സാദ്ധ്യതകൾ പാലക്കാട് ഐ.ഐ.ടിയുടെ സാങ്കേതിക സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള അക്കാഡമി ഒഫ് സ്കിൽ എക്സലൻസും ചേർന്നാണ് ഡ്രോൺ പാർക്ക് തുടങ്ങുന്നത്. സംസ്ഥാന ഏജൻസികൾ,സായുധ സേനകൾ,ഗവേഷണ ഗ്രൂപ്പുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കൊപ്പം സ്വകാര്യ സംരംഭകരും വ്യക്തികളുമൊക്കെ പങ്കാളികളാകും. വലിയ തൊഴിൽ അവസരങ്ങളുമൊരുങ്ങും.
ഉദ്ഘാടനവും
എഴുകോൺ പോളി ടെക്നിക് കോളേജിലെ മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന്റെ ശിലാസ്ഥാപനം,നവീകരിച്ച കോളേജ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം,ഡ്രോൺ റിസർച്ച് പാർക്കിന്റെ ട്രാൻസിറ്റ് ക്യാമ്പസ് ഉദ്ഘാടനം എന്നിവ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിയുടെ ശ്രമഫലമായി അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കുന്നത്. കോളേജിലെ പഴയ ടി.എച്ച്.എസ് കെട്ടിടത്തിന്റെ 2000 ചതുരശ്ര അടി വിസ്തീർണത്തിൽ നവീകരിച്ചാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കുന്നത്. ഓഡിറ്റോറിയം നവീകരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ച് നൽകിയിരുന്നു. 2 കോടി രൂപയാണ് പോളി ടെക്നിക്കിന്റെ സമഗ്ര വികസനത്തിനായി പുതിയ ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |