
ടെഹ്റാൻ: ഇസ്രയേൽ - അമേരിക്ക സഖ്യവുമായുള്ള യുദ്ധത്തിനിടെ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയല്ല ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് പെസഷ്‌കിയാൻ ഇക്കാര്യങ്ങൾ അറിയിച്ചത്.
'എന്റെയും ഇറാന്റെയും പേരിൽ ഞാൻ അയൽരാജ്യങ്ങളോട് ഉറപ്പായും ക്ഷമാപണം നടത്തണം. അയൽരാജ്യങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാകില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതുവരെ ആ രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടാകില്ലെന്നും താൽക്കാലിക നേതൃത്വ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ ടെഹ്‌റാൻ കീഴടങ്ങില്ല. ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾ അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോയാൽ മതി. മേഖലയിൽ കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയുകയെന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം'- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കുകയും ചെയ്തു. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി യാതൊരു തരത്തിലുള്ള കരാറും ഉണ്ടാക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭൂഗർഭ ബങ്കറുകൾ 50 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തു. ഇറാന്റെ ഡ്രോണുകൾ സൂക്ഷിക്കുന്ന ഇടം, ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സ്ഥിതി ചെയ്യുന്ന ഇടം, റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ എന്നിവയും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഖോം നഗരം ആക്രമിക്കുമെന്നും ജനം ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |