
കളമശേരി: അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിക്കാൻ മൂന്നു മാസം ബാക്കി നിൽക്കെ ഉദ്യോഗമണ്ഡൽ ഫാക്ട് ഈസ്‌റ്റോൺ യു.പി.സ്കൂളിൽ അദ്ധ്യാപികയായ വാസന്തിക്ക് മോഹമുദിച്ചു. ഇരുപത്തഞ്ച് വർഷം മുമ്പ് അഴിച്ചു വെച്ച ചിലങ്ക വീണ്ടും അണിയണം. ഒരു തമാശയെന്ന മട്ടിൽ സഹപ്രവർത്തകരോട് ആഗ്രഹം പങ്കുവച്ചു. എന്നാൽ, സഹപ്രവർത്തകർ അത് കാര്യമായി തന്നെയെടുത്തു. സ്കൂൾ വാർഷികാഘോഷത്തിന് പ്രധാന ഇനമായി വാസന്തിടീച്ചറുടെ നൃത്തം ഉൾപ്പെടുത്തി.
ഒപ്പമുള്ളവരുടെ പ്രോത്സാഹനം വന്നപ്പോൾ മോഹം നടത്തിയെടുക്കാൻ വാസന്തിടീച്ചറും രണ്ടും കൽപ്പിച്ചിറങ്ങി. മുപ്പത്തടത്തെ നൃത്താദ്ധ്യാപികയുടെ കീഴിൽ കഠിന പരിശീലനം. വെറും പതിമൂന്ന് ദിനങ്ങൾ. ഭരതനാട്യത്തിലെ ഗണപതി സ്തുതി പഠിച്ചെടുത്തു. മാത്രമല്ല, വേദിയിൽ അവതരിപ്പിച്ച് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിറഞ്ഞ കൈയ്യടിയും നേടി.
വിവിധ സംസ്ഥാനങ്ങളിലായി സി.ബി.എസ്.സി സ്കൂളുകളിൽ ഏഴു വർഷവും ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ 26 വർഷവും സർവ്വീസ് പൂർത്തിയാക്കിയ വാസന്തി അടുത്ത മേയിൽ വിരമിക്കും. പാനായിക്കുളം താണിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്ന വാസന്തിയുടെ ഭർത്താവ് സ്പെഷ്യൽ വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ടി.കെ.മോഹനനാണ്. മകൾ വൈഷ്ണവി. സ്കൂളിൽ നൃത്തമവതരിപ്പിച്ച ആത്മവിശ്വാസത്തിൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ നൃത്തം ചെയ്യാനൊരുങ്ങുകയാണ് വാസന്തി.
സ്കൂൾ പഠനകാലത്താണ് ഭരതനാട്യവും കുച്ചുപ്പുഡിയും അഭ്യസിച്ചത്. സ്കൂൾ മത്സര വേദികളിൽ സമ്മാനങ്ങൾ നേടിയിരുന്നു. കീ ബോർഡും വായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |