കുന്ദമംഗലം: മത്സ്യമാർക്കറ്റിന്റെ ഒന്നാംനില ഉപയോഗശൂന്യമായിട്ട് 26 വർഷമാകുമ്പോഴും ആധുനിക രീതിയിൽ നവീകരിക്കാനുള്ള നടപടികളിമില്ല. കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷനിലെ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റ് 2000 ത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ താഴത്തെ നില മത്സ്യവിൽപ്പനക്കും ഒന്നാംനില മാംസ വിൽപ്പനക്കുമായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ മേൽക്കൂര അധികം ഉയരമില്ലാത്തതിനാലും ഷീറ്റിട്ടതായതിനാലും ചൂട് കൂടുതലായിരിക്കുമെന്നും അത്തരം സാഹചര്യത്തിൽ ഇറച്ചിവിൽപ്പന നടത്തുവാൻ കഴിയില്ലെന്നും മാംസവിൽപ്പനക്കാർ പറഞ്ഞിരുന്നു. മുകളിലേക്ക് ആടുമാടുകളെ എത്തിക്കാനും പ്രയാസമാണെന്ന് ആരോപിച്ച് സ്ഥലം ഉപയോഗിക്കുന്നതിൽ നിന്ന് തുടക്കത്തിൽ തന്നെ ഇവർ വിട്ടുനിന്നു. മാംസവിൽപ്പനക്കാർ സൗകര്യമായ സ്ഥലം തേടിപ്പോയതോടെ ഒന്നാംനില ഉപയോഗശൂന്യമാവുകയായിരുന്നു. അയൽ പഞ്ചായത്തുകളിലൊക്കെ മത്സ്യ, മാംസ മാർക്കറ്റുകൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. മത്സ്യ മാംസ മാർക്കറ്റ് ഏറ്റവും ആധുനികരീതിയിൽ നവീകരിക്കണമെന്നും ജനങ്ങൾക്ക് ഉപകാരപ്രദവും സൗകര്യപ്രദവുമാകുന്ന രീതിയിൽ മാംസ വിൽപ്പനയും ഈ കെട്ടിടത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഉപയോഗശൂന്യമായത് മാംസ വിൽപ്പനക്കായി മാറ്റിവെച്ച സ്ഥലം
മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ തറനിലയുടെ അതേ വലിപ്പമുള്ളതാണ് വർഷങ്ങളായി അനാഥമായും അലങ്കോലമായും കിടക്കുന്ന ഒന്നാംനില. ചോർന്നൊലിക്കുന്ന ഇവിടെ ഷീറ്റുകൾ പലതും തുരുമ്പെടുത്ത് തൂങ്ങികിടപ്പാണ്. കുന്ദമംഗലം അങ്ങാടിയിൽ ഏറ്റവും തിരക്കുള്ള ഭാഗമായ മുക്കം റോഡ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം ആധുനിക രീതിയിൽ നവീകരിക്കാനുള്ള പദ്ധതികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 26 വർഷങ്ങളായി മത്സ്യ മാർക്കറ്റ് മാത്രമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മത്സ്യവിൽപ്പന അങ്ങാടിയിൽ പലയിടങ്ങളിലും തകൃതിയായി ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അറവുശാലയും ആരോഗ്യകരമായ പരിസരവുമുള്ള മത്സ്യ മാംസ മാർക്കറ്റാണ് ഇവിടെ വേണ്ടതെങ്കിലും മത്സ്യമാർക്കറ്റിന്റെ പരിസരം വൃത്തിഹീനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |