
കൊച്ചി: കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടു പോയതായി വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാൻ യുവതി നൽകിയ വ്യാജ പരാതി വട്ടം ചുറ്റിച്ചത് പൊലീസിനെ. തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താൻ രാത്രി മുഴുവൻ പണിയെടുത്ത പൊലീസ് പരാതി വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ യുവതിക്കെതിരെ കേസെടുത്തു. പഴയ കാമുകനൊപ്പം രാത്രി റോഡരികിൽ സംസാരിച്ചു നിൽക്കവെ വിദേശത്തുള്ള പുതിയ കാമുകൻ വിളിച്ചതാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന് ഇടയാക്കിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായ 24 കാരി ബുധനാഴ്ച രാത്രി 11 ഓടെയാണ് കേരള പൊലീസിന്റെ 112 ഹെൽപ്പ്‌ലൈനിൽ സഹായം തേടി വിളിച്ചത്. അവിടെ നിന്ന് ചേരാനെല്ലൂർ, എളമക്കര പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. സംഭവസമയത്ത് എളമക്കര പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഷൈനിന്റെ നേതൃത്വത്തിൽ പൊലീസുകാർ ‘കർമ്മനിരതരായി’. വനിതാ പൊലീസുമായി സ്ഥലത്തേക്ക് കുതിച്ചു. പൊലീസ് എത്തുമ്പോൾ റെയിൽവേ പാളത്തിന് സമീപം വിജനമായിടത്ത് കണ്ണീർ വാർത്ത് നിൽപ്പായിരുന്നു യുവതി. വൈകിട്ട് 6.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുംവഴി തട്ടിക്കൊണ്ട് പോയതായി യുവതി വിശദീകരിച്ചു.
റെയിൽവേ ക്രോസ് കഴിഞ്ഞുള്ള ഇടറോഡിൽ പാർക്ക് ചെയ്തിരുന്ന വെള്ള കാറിലുണ്ടായിരുന്നവരാണ് തട്ടിക്കൊണ്ടു പോയതെന്നും പറഞ്ഞു. വലത് കൈയിൽ പിടിച്ച് ബലപ്രയോഗത്തിലൂടെ കാറിനകത്തേക്ക് കയറ്റുകയായിരുന്നു. തുടർന്ന് താൻ ബഹളം കൂട്ടിയതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു.
കള്ളി പൊളിച്ചത് സി.സി ടി.വി ദൃശ്യം
യുവതിയെ എളമക്കര സ്റ്റേഷനിലെത്തിച്ച പൊലീസ് സംഘം പുലർച്ചെ വരെ റെയിൽവേ ക്രോസിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാറിന്റെ ദൃശ്യങ്ങൾ കിട്ടിയില്ല. ഇതിനിടെ ഒരു യുവാവിനൊപ്പം യുവതി നടന്നു പോകുന്ന രംഗം ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി യുവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
വിദേശത്തുള്ള കാമുകനുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം നാട്ടിലുള്ള പഴയ കാമുകൻ അറിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രി ഇരുവരും സംസാരിച്ച് നിൽക്കെ വിദേശത്ത് നിന്ന് ഫോൺ വിളിയെത്തി. ആരാണ് വിളിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന കാമുകൻ ചോദിച്ചത് വിദേശത്തെ കാമുകൻ കേട്ടതോടെ യുവതി പരിഭ്രാന്തയായി. തുടർന്നാണ് വിദേശത്തുള്ള കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകത്തിന് യുവതി തീരുമാനിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചയച്ച ശേഷമാണ് യുവതി ഹെൽപ്പ്‌ലൈനിലേക്ക് ഫോൺ ചെയ്തത്. യുവതിയുടെ മൊഴിയെ തുടർന്ന് ഇന്നലെ രാവിലെ ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വ്യാജ പരാതി നൽകിയതിന് പൊലീസ് ആക്ട് 117 (ഡി) പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. മൂന്നു വർഷം വരെ തടവോ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |