
നഗരസഭ പ്രമേയം പാസാക്കി
ആലുവ: നഗരസഭയിലെ ജനവാസ മേഖലയിൽ ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപ ചെലവിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെന്റർ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. നേതാജി റോഡ് റെസിഡന്റ്സ് അസോസിയേഷൻ എതിർപ്പുമായി രംഗത്തെത്തിയതിന് പിന്നാലെ, നിർദ്ദിഷ്ട പദ്ധതിക്കെതിരെ ആലുവ നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി. തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനും എണ്ണം നിയന്ത്രിക്കുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് നേതാജി റോഡിലെ മൃഗാശുപത്രി വളപ്പിൽ എ.ബി.സി സെന്റർ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്. നിലവിൽ മുളന്തുരുത്തിയിലും കോലഞ്ചേരിയിലും എ.ബി.സി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതുമായ നേതാജി റോഡിൽനിന്ന് എ.ബി.സി സെന്റർ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിന് നായ്ക്കളെ എത്തിക്കുന്നതോടെ പ്രദേശത്തെ ജനജീവിതം ദുസഹമാകുമെന്നും നായ്ക്കൾ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം കുട്ടികളിലും മുതിർന്നവരിലും മാനസിക സംഘർഷം സൃഷ്ടിക്കുമെന്നും പരാതിയിൽ പറയുന്നു.
29 പഞ്ചായത്തുകൾക്ക് സേവനം
ജില്ലയിലെ 29 ഗ്രാമപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, ഏഴ് നഗരസഭ എന്നിവയ്ക്കായാണ് ആലുവയിൽ എ.ബി.സി സെന്റർ സ്ഥാപിക്കുന്നത്. രണ്ട് കോടി രൂപയുടെ പദ്ധതിക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളും വിഹിതം നൽകണം. പഞ്ചായത്തുകൾ രണ്ട് കോടിയും നഗരസഭകൾ എട്ട് കോടിയുമാണ് നൽകേണ്ടത്. പുറമെ ജില്ലാ - ബ്ളോക്ക് പഞ്ചായത്തുകളും ഫണ്ട് എടുക്കും.
ജനവാസം കുറഞ്ഞമേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭ
നിർദ്ദിഷ്ട എ.ബി.സി സെന്റർ ജനവാസം കുറഞ്ഞ മേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സ്ഥലത്തെ എ.ബി.സി സെന്റർ വികസിപ്പിക്കുകയാണ് വേണ്ടത്. കൗൺസിലർമാരായ ജയ്‌സൺ പീറ്റർ പ്രമേയത്തിന്റെ അവതാരകനും ജോബി ജോർജ് അനുവാദകനുമായിരുന്നു.
പ്രത്യക്ഷ സമരം ആരംഭിക്കും
ജനവാസമേഖലയിൽ എ.ബി.സി സെന്റർ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കും. നഗരസഭ, ജില്ലാ പഞ്ചായത്ത്, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ബാബു കുളങ്ങര
സെക്രട്ടറി,
നേതാജി റോഡ് റെസിഡന്റ്സ് അസോസിയേഷൻ
അന്തിമതീരുമാനം ആയിട്ടില്ല
ആലുവ മൃഗാശുപത്രി വളപ്പിൽ എ.ബി.സി സെന്റർ തുടങ്ങുന്നതിന് അന്തിമ തീരുമാനമായിട്ടില്ല. ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം സ്ഥലപരിശോധന പൂർത്തീകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഡോ. ലൗലി സക്കറിയ
ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |