മുട്ടം: പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വെയ്സ്റ്റ് ബിന്നിൽ അഴുക്ക് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതായി പരാതി. ഭക്ഷണാവശിഷ്ടങ്ങൾ, പഴം, പച്ചക്കറി, ഇറച്ചി, മീൻ ഉൾപ്പടെയുള്ളവയുടെ അഴുകി ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളാണ് ബിന്നുകളിൽ തള്ളുന്നത്. കോടതി ജംഗ്ഷനിൽ സ്ഥാപിച്ച ബിന്നുകളിൽ ഇന്നലെയും ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. ഏതാനും ദിവാസങ്ങൾക്ക് മുൻപും ഇവിടെ അഴുകിയ മാലിന്യങ്ങൾ തള്ളിയിരുന്നു. പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥാപിച്ച ബിന്നിലും ആഴ്ച്ചകൾക്ക് മുൻപ് പ്ലാസ്റ്റിക്ക് കൂട്ടിൽ നിറച്ച അഴുകിയ മാലിന്യങ്ങൾ തള്ളിയിരുന്നു. ബിന്നിൽ തള്ളുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കൾ വലിച്ചിഴയ്ക്കുന്നതിനാൽ റോഡിൽ ചിതറി തെറിക്കുന്ന അവസ്ഥയാണ്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നത് രാത്രിയുടെ മറവിലായതിനാൽ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ മിക്കപ്പോഴും കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |