
ഇരിട്ടി: ആറളം ഫാമിൽ 16 ആദിവാസികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടിട്ടും ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷൻ ചീഫ് എന്ന നിലയിൽ ജില്ലാ കളക്ടർ കാണിക്കുന്ന വിവേചനത്തിലും കുറ്റകരമായ അനാസ്ഥയ്ക്ക് ടി.ആർ. ഡി.എം മേധാവികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ആറളം ഫാം കക്കുവ പാലത്തിന് സമീപം നടത്തിയ സത്യാഗ്രഹം അവസാനിച്ചു.
പൊതു തിരഞ്ഞെടുപ്പ് തീയ്യതി അടുത്ത സാഹചര്യത്തിൽ സർക്കാറിനെതിരായ സൂചനസമരം താൽകാലികമായി നിർത്തി വെക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. ആറളം ഫാമിൽ വിവിധ മേഖലയിലായി കോടി കണക്കിന് രൂപ വനം വകുപ്പ് മുഖേന ചെലവഴിച്ചിട്ടും മൂവായിരത്തിലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്ക് സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഗീതാനന്ദൻ ആരോപിച്ചു. പ്രക്ഷോഭം വിപുലികരിക്കുന്നതിന് ആദിവാസി കൂട്ടായ്മ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും വർഷങ്ങളായി ആറളം ഫാമിൽ പട്ടയമില്ലാതെ താമസിക്കുന്ന കുടുംബങ്ങൾക്കും ഉപകുടംബങ്ങളെയും പട്ടയമേളയിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം ആദിവാസി ഗോത്ര മഹാ സഭ കൺവീനർ എം.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വേലായുധൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി, സാമൂഹ്യ പ്രവർത്തകനായ കനകത്തടം മാധവൻ, പഞ്ചായത്ത് അംഗം റഹിയാനത്ത് സുബി ,അരുവിക്കൽ കൃഷ്ണൻ , രാമു, ലുഖ്‌മാൻ , ഭാസ്കരൻ തലക്കുളം എന്നിവർ പ്രസംഗിച്ചു.
ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കേണ്ടുന്ന ടി.ആർ.ഡി.എം ഭരണകക്ഷികളുടെ താല്പര്യപ്രകാരം ആദിവാസി വിരുദ്ധ നടപടിക്കും ഫണ്ട് കൊള്ളയടിക്കാനുമാണ് പ്രവർത്തിക്കുന്നത്. ആദിവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് കോടതിയേയും ദേശീയ ഗോത്രവർഗ്ഗ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവരെയും സമീപിക്കും- ഗീതാനന്ദൻ (ആദിവാസി ഗോത്ര മഹാസഭ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |