തൊടുപുഴ: കെ.എസ്.ആർ.ടി.സി നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് മുന്നിൽ കൂടുതൽ പ്രചാരണം നൽകുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിരിക്കുന്ന ലഘുചിത്രം ''ഗ്രാമവണ്ടി "" മൂന്നാറിൽ റിലീസ് ചെയ്തു. മൂന്നാർ കെ.എസ്.ആർ.ടി.സി ട്രാൻസിറ്ര് സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടന്ന ചടങ്ങിൽ എ. രാജ എം.എൽ.എയാണ് ചിത്രം പ്രകാശനം ചെയ്തത്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് തൊടുപുഴ കരിമണ്ണൂർ സ്വദേശിയും പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ വിനുരാജ് മുണ്ടയ്ക്കലാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിലെ ഇരുപതോളം ജീവനക്കാരുടെ നേതൃത്വത്തിലുള്ള മഞ്ജീരധ്വനി കൂട്ടായ്മയാണ് 28 മിനിറ്റ് ദൈർഘ്യമുള്ള ലഘുചിത്രം നിർമ്മിച്ചിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസം സെൽ, റെന്റ് ബസ്, ട്രാവൽ കാർഡ്, ഹാപ്പിലോംഗ് ലൈഫ് കാർഡ്, സ്റ്റുഡൻ്സ് കൺസഷൻ, ഓൺലൈൻ റിസർവേഷൻ, ട്രാക്ക് യുവർ ബസ് എന്നിങ്ങനെ നൽകുന്ന പൊതുസേവനങ്ങൾക്കൊപ്പം ഒരു ജീവനക്കാരൻ തന്റെ ബസിൽ കയറുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്നതും പ്രമേയമാക്കുന്നു. ഒരു വനിതാ കണ്ടക്ടറെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഈ ലഘുചിത്രത്തിൽ ഹാസ്യവും പ്രണയവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ആര്യ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കണ്ടക്ടർമാരായ പി. ബിനീഷ് , വി.എസ് സുബാഷ്, സംഗീത ടി.കെ, എം. കൃഷ്ണപ്രിയ, നജീബ്, രജിത രമണൻ, മെക്കാനിക് അഭിലാഷ് കുമാർ തുടങ്ങിയ 18 ജീവനക്കാരാണ് വേഷമിട്ടിരിക്കുന്നത്. സംഗീത ആറന്മുളയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |