
കൊല്ലങ്കോട്: വിളവെടുപ്പിനെ തയ്യാറായ കരിപ്പോട് തറ മതിലകം സുരേഷിന്റെ നെൽപ്പാടത്ത് കാട്ടുപന്നികളുടെ വിളയാട്ടം. കാട്ടുപന്നികൾ കൂട്ടത്തോടെ പാടത്തിറങ്ങി വിള നശിപ്പിച്ചതിനാൽ ദിവസങ്ങൾക്കകം കൊയ്തെടുക്കേണ്ട മുഴുവൻ നെല്ലും പാഴായി. ഒന്നര ഏക്കർ കൃഷിസ്ഥലത്ത് ഒരേക്കറോളം നെല്ലാണ് കാട്ടുപന്നികൾ ഉഴുതുമറിച്ചത്. വേനൽ ചൂട് കൂടിയതോടെ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി കൂട്ടത്തോടെ പന്നിക്കൂട്ടങ്ങൾ എത്തുകയാണ്.
സുരേഷിന്റെ തന്നെ കുളത്തിന്റെ താഴെയുള്ള നെൽപ്പാടത്താണ് വ്യാപകമായ നഷ്ടം സംഭവിച്ചിരിക്കുന്നത്. നെൽകൃഷിയെ മാത്രം ആശ്രയിച്ച് വരുമാനം കണ്ടെത്തുന്ന കർഷകർ കൃഷി നശിച്ചതോടെ ദുരിതത്തിലായി. ഇത്തവണ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിൽ കടബാധ്യതകൾ തീർക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇരിക്കുമ്പോഴാണ് കനത്ത പ്രഹരമായി കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്. നെൽപ്പാടത്ത് നിന്ന് പൊട്ടിക്കരഞ്ഞ കർഷകനായ സുരേഷ് സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തോക്കുകൾ പൊലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്തതിനാൽ പന്നികളെ വെടിവെയ്ക്കാനും കഴിയാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |