
വാഹനയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: വീണ്ടും ഭീതി പരത്തി മൂന്നാറിൽ പടയപ്പയുടെ പരാക്രമം. കാറിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ നിന്ന് വാഹനയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാത്രിയിലായിരുന്നു വാഹനയാത്രികർക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ തലയാറിന് സമീപമാണ് വാഹനയാത്രികർക്ക് നേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം ഉണ്ടായത്. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയായിരുന്നു ആക്രമണം. യാത്രാ മദ്ധ്യേ വാഹനയാത്രികർ ആനയുടെ മുമ്പിൽ പെടുകയായിരുന്നു. ആന വാഹനത്തിന് നേരെ നടന്നടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഈ സമയം മറ്റ് യാത്രക്കാരും റോഡിലുണ്ടായിരുന്നു. ആന കാർ ആക്രമിച്ചതോടെ മറ്റ് വാഹനയാത്രികർ ബഹളമുണ്ടാക്കി. ഇതിനിടെ കാർ മുമ്പോട്ട് എടുത്ത് യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാട്ടുകൊമ്പൻ പടയപ്പ മദപ്പാടിലായിരുന്നു. ഇതിന് ശേഷമാണിപ്പോൾ പടയപ്പ റോഡിലിറങ്ങി വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |