ആവേശമായി യു.ഡി.എഫ് റാലി
ഇന്നുമുതൽ എൻ.ഡി.എ, എൽ.ഡി.എഫ് ദേശീയ നേതാക്കളും
കോഴിക്കോട്: മലബാറിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും നേതാക്കളും. കോഴിക്കോട് കടപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് റാലി മഹാറാലിയിലേക്ക് മാറിയപ്പോൾ കോൺഗ്രസിന്റെ വിജയപ്രതീക്ഷ വാനോളം. വേദിയിൽ സ്വാഗതം പറഞ്ഞ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ മലപ്പുറത്ത് 16 മണ്ഡലവും യു.ഡി.എഫ് നേടുമ്പോൾ കോഴിക്കോട്ടെ 13 മണ്ഡലങ്ങളും യു.ഡി.എഫിന്റേതാകുമെന്ന് പറഞ്ഞു. വലിയ ആവേശത്തോടെ ജനം പ്രഖ്യാപനത്തെ വരവേറ്റു. കഴിഞ്ഞ 20 വർഷമായി കോഴിക്കോട്ട് ഒറ്റ സീറ്റുപോലും കോൺഗ്രസിനില്ല. നിലവിൽ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസും ആറ് മണ്ഡലങ്ങളിൽ ലീഗും രണ്ടിടത്ത് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. നിലവിൽ ആർ.എം.പി.ഐയ്ക്ക് വടകരയും കൊടുവള്ളിയിൽ ലീഗിനും മാത്രമാണ് കോഴിക്കോട്ട് എം.എൽ.എമാരുള്ളത്. എൽ.ഡി.എഫിന്റെ 11 സീറ്റെന്ന കുത്തക തകർത്ത് കോഴിക്കോടിനെ പിടിച്ചെടുക്കുകയാണ് മഹാറാലിയിലൂടെ ലക്ഷ്യം വെച്ചത്.
എൽ.ഡി.എഫും എൻ.ഡി.എയും അടുത്ത ദിവസങ്ങളിൽ നേതാക്കളെ ദേശീയ, സംസ്ഥാന നേതാക്കളെ എത്തിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെത്തും. ജില്ലയിൽ ബേപ്പൂർ, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
സുരേഷ്‌ഗോപി ഇന്നെത്തും
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയേക്കും. എൻ.ഡി.എ റാലിയും കോഴിക്കോട്ടുണ്ടാകും. സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂർ ഉൾപ്പെടെ നാലിടങ്ങളിൽ അദ്ദേഹം പ്രസംഗിച്ചേക്കും. തീയതി നിശ്ചയിച്ചിട്ടില്ല. കേന്ദ്രമന്ത്രി സരേഷ് ഗോപി ഇന്ന് കോഴിക്കോട് ഗാന്ധി റോഡിലുള്ള മിനൂസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.30നാണ് കൺവെൻഷൻ. ഉച്ചക്ക് 2 മണിക്ക് ബി.സി റോഡിൽ നിന്നും ആരംഭിച്ച് അരക്കിണർ വരെ റോഡ് ഷോയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |