തലയാട്: പാചകവാതകക്ഷാമത്തിൽ നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളിലെ ഗ്യാസ് അടുപ്പുകൾ അണയുകയും വിറക് അടുപ്പുകൾ പുകയുകയും ചെയ്തതോടെ ശ്വാസം മുട്ടി പാചകത്തൊഴിലാളികൾ. സാധാരണ ഒന്നോ രണ്ടോ മുറികളിലെ സൗകര്യം വെച്ച് ഹോട്ടൽ നടത്തുന്നവരാണ് ഏറെയും. അതിനാൽ വിറക് കത്തിച്ച് ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യം പല ഹോട്ടലുകളിലും ഇല്ല.
ചെറിയ മുറിയിൽ വിറക് അടുപ്പിൽ പാചകം ചെയ്യുമ്പോൾ കരിയും പുകയും ചൂടുമായി വൈകുന്നേരമാകുമ്പോഴേക്കും പാചക തൊഴിലാളികൾ അവശരാകുകയാണ്. വിറക് കത്തിച്ചിട്ട് ഉണ്ടാകുന്ന ചൂടിനൊപ്പം കടുത്ത വേനൽ ചൂടുകൂടി ആയതോടെ തളർന്നുപോവുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ഉൾനാടൻ ഗ്രാമങ്ങളിലെ ഭൂരിപക്ഷം
ഹോട്ടലുകളിലും പാചകത്തിന് ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത്. ഗ്യാസ് അടുപ്പ് ആകുമ്പോൾ ഈ സൗകര്യങ്ങളൊക്കെ മതിയായിരുന്നു. എന്നാൽ വിറക് അടുപ്പിലേക്ക് മാറിയപ്പോൾ ശ്വാസംമുട്ടുകയാണെന്ന് ഹോട്ടലുടമകളും പറയുന്നു.
വിറകിനും ക്ഷാമം
ഗ്യാസ് കിട്ടാക്കനിയായതോടെ വിറക് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഹോട്ടൽ ഉടമകൾ. വീടുകളും ഹോട്ടലുകളും പാചകം വിറക് അടുപ്പിലേക്ക് മാറിയതോടെ വിറക് ലഭ്യത കുറയുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെ 'പൊന്നുംവില' നൽകിയാണ് പലരും ശേഖരിക്കുന്നത്. വിറക് കിട്ടിയാൽ പോലും അത് സംഭരിച്ച് വയ്ക്കാനുള്ള സ്ഥലം മിക്ക ഹോട്ടലുകളിലുമില്ലെന്നതും പ്രയാസമാവുകയാണ്. വിറക് അടുപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പല ഹോട്ടലുകളും ചെലവിനൊത്ത് വരുമാനം ലഭിക്കാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
' വിറകടുപ്പിന് അരികിൽ മണിക്കൂറുകളോളം ഭക്ഷണം ഉണ്ടാക്കുന്ന ഹോട്ടൽ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ചെറിയ റൂമിൽ നാലും അഞ്ചും അടുപ്പാണ് ദിവസേന കത്തുന്നത് . ഈ ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. ഗ്യാസ് അടുപ്പുള്ളപ്പോൾ ചൂടിൽ ഒരു പരിധിവരെ പിടിച്ച് നിൽക്കാമായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.
രമണൻ, പുളിക്കൽ മീത്തൽ,
ഹോട്ടൽ തൊഴിലാളി
ഗ്യാസ് സിലിണ്ടർ കിട്ടാനില്ലാത്തതും വിറകുകളുടെ വിലവർദ്ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാരണം ഈ മേ ഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ബിജു, ഹോട്ടൽ ഉടമ, തലയാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |