
തൊടുപുഴ: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിത്യസംഭവമാകുന്നു. മന്ദിരത്തിന്റെ വലതുഭാഗത്തായുള്ള ആളൊഴിഞ്ഞ മൂലയ്ക്കാണ് ഇവ കത്തിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ കരിയില കൂട്ടിയിട്ട് കത്തിക്കുവാനെന്ന രീതിയിലാണ് കോംബൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ശേഖരിച്ച് കത്തിക്കുന്നത്. പ്ലാസ്റ്റിക്ക് കവറുകൾ, നോട്ടീസുകൾ, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. സിവിൽ സ്റ്റേഷൻ വളപ്പിലായതിനാൽ അധികമാരും ശ്രദ്ധിക്കില്ലെന്ന ധൈര്യത്തിലാണ് പരസ്യമായ നിയമലഘനം. ശുചിത്വവും ഹരിതചട്ടവുമൊക്കെ പാലിക്കണമെന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്കായി ചുവരുകളിൽ എഴുതിയിട്ടുണ്ടെങ്കിലും പ്രവർത്തിയിൽ ഇതൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓഫീസ് സമയത്തിന് മുമ്പായിതന്നെ എല്ലാം 'കത്തിച്ച് ക്ലീനാക്കുന്നതിനാൽ' ഇത്തരമൊരു സംഭവ നടന്നതായി ഉള്ളിലുള്ള ജീവനക്കാർ പോലും അറിയാറില്ല എന്നതാണ് യാഥാർത്ഥ്യം. മാലിന്യം കത്തിക്കുന്നതിന്റെ പുകച്ചുരുച്ചുരുളുകൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റുമെത്തുന്നത് കടയുടമകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാണ്. നിയമം പാലിക്കേണ്ടവർ നടത്തുന്ന നിയമലംഘനം ആരുപരിഹരിക്കുമെന്ന അങ്കലാപ്പിലാണ് പൊതുജനങ്ങളും.ദിനം പ്രതി നൂറുകണക്കിനാളുകളെത്തുന്ന തൊടുപുഴ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം വേസ്റ്റ്മാനേജ്മെന്റ് സംവിധാനമില്ലാതെയാണെന്നത് നാണക്കേടാണ്.
''തീക്കളി'' അപകടം
വേനൽ കടുത്തതോടെ നഗരത്തിൽ പലയിടത്തും വേസ്റ്റ് കത്തിച്ച് തീ പിടുത്തമുണ്ടാകുന്നത് നിത്യസംഭവമാണ്. മാലിന്യങ്ങൾ കൂട്ടയിട്ട് കത്തിച്ചാൽ തീ അണയുന്നതിനായി പോലും കാത്ത് നിൽക്കാതെ ശുചീകരണ ജീവനക്കാർ സ്ഥലംവിടും. പലപ്പോഴും തീക്കനലുകൾ മണിക്കൂറുകളോളം കെടാതെയുണ്ടാകും. സമീപത്താകെ കരിയില മൂടിക്കിടക്കുന്നതിനാൽ, ചെറിയൊരു തീപ്പൊരിവീണാൽപ്പോലും വലിയ അപകടസാധ്യതയാണുള്ളത്. വീണ് കിടക്കുന്ന കരിയിലകൾ ശുചിയാക്കാൻ സമയമില്ലാത്ത ജീവനക്കാർക്ക് പ്ലാസ്റ്റിക്ക് കത്തിക്കുന്ന കാര്യത്തിൽ മാത്രമാണ് ജാഗ്രതയുള്ളത്. ഇതിന് സമീപം പോസ്റ്ററുകളും ഫ്ലെക്സുകളും കൂട്ടിയിട്ടിരിക്കുന്നത് ഘട്ടം ഘട്ടമായി കത്തിച്ച് തീർക്കാനായാണെന്നും ആരോപണമുണ്ട്.
ഗ്രൗണ്ട് പാർക്കിംഗിൽ
മാലിന്യകൂമ്പാരം
സിവിൽസ്റ്റേഷൻ കോംബൗണ്ടിലെ പുതിയ കെട്ടിടത്തിനുള്ളിലെ ഗ്രൗണ്ട് ഫ്ലോറിൽ മാലിന്യക്കൂമ്പാരത്തിനിടയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.കെട്ടിടത്തിന്റെ ഒരുഭാഗം നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്ന് കൂടിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. മാലിന്യക്കൂമ്പാരം വർധിച്ചതോടെ ഇവിടം പെരുച്ചാഴികളുടെ വിഹാരകേന്ദ്രമാണ്.
''വേസ്റ്റ്മാനേജ്മെന്റിന്റെ അപര്യാപ്തതയെക്കുറിച്ച് സർവീസ് സംഘടനകൾ ശ്രദ്ധയിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം നഗരസഭയുമായി ചർച്ച ചെയ്ത് പരിഹാരം കാണും.പ്ലാസ്റ്റിക്ക് കത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിക്കും'' ബിന്ദു രാജൻ ( തൊടുപുഴ തഹസീൽദാർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |