
ആലപ്പുഴ: പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടതോടെ സിറ്റിഗ്യാസ് പദ്ധതിയുടെ കണക്ഷൻ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. വ്യാപാര സ്ഥാപനങ്ങളും ഗാർഹിക ഉപഭോക്താക്കളും ഇക്കൂട്ടത്തിലുണ്ട്.
നിലവിൽ തങ്കിക്കവലയിലെ പ്ളാന്റിൽ നിന്ന് പ്രതിദിനം ശരാശരി 10000 സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ ഗ്യാസാണ് വിതരണം ചെയ്യുന്നത്. പി.എൻ.ജിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരെക്കാൾ 15മുതൽ 25ശതമാനം വരെ സാമ്പത്തികലാഭവും ഇൻഷ്വറൻസ് കവറേജ് ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും. 354രൂപയാണ് ബുക്കിംഗ് ഫീസ്. 600രൂപ സെക്യൂരിറ്റി ഡെപ്പോസിറ്രായി നൽകണം. നിലവിലുള്ള 13 സി.എൻ.ജി സ്റ്റേഷനുകൾക്ക് പുറമേ കുട്ടനാടുൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ സി.എൻ.ജി സ്റ്രേഷനുകൾ സ്ഥാപിക്കാനും ഹൗസ്ബോട്ടുകൾക്കും ഫിഷിംഗ് ബോട്ടുകൾക്കും കൂടി ഇന്ധനമായി ഉപയോഗപ്പെടുത്താനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ സിറ്റി ഗ്യാസ് കണക്ഷനിൽ തിരുവനന്തപുരത്തെ ആലപ്പുഴ പിന്നിലാക്കിയിട്ടുണ്ട്. ചേർത്തല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ആലപ്പുഴ നഗരാതിർത്തിയിലുമുൾപ്പെടെ 31,700 വീടുകളിൽ ഗ്യാസ് കണക്ഷനെത്തി. തലസ്ഥാനത്ത് കാൽലക്ഷത്തോളം വീടുകളിൽ മാത്രമാണ് കണക്ഷനുള്ളത്. വരുന്ന രണ്ട് വർഷത്തിനകം ആലപ്പുഴ നഗരത്തിലെ മുഴുവൻ വീടുകളിലും ഗ്യാസ് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ നിർവഹണ ഏജൻസിയായ തിങ്ക് ഗ്യാസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ കണക്ഷനിൽ മുന്നേറ്റം
2022ലാണ് ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്
ആലപ്പുഴ നഗരത്തിൽ കളർകോട് വരെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി
ദേശീയപാത നിർമ്മാണ ജോലികളാണ് തുടർപ്രവർത്തനങ്ങൾക്ക് തടസം
50വർഷം ഈടുനിൽക്കുന്ന കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പുകളാണ് ഉപയോഗിക്കുന്നത്
കൂടുതൽ കണക്ഷനുകൾ
ചേർത്തല നഗരസഭ,വയലാർ ,കഞ്ഞിക്കുഴി, മുഹമ്മ, മണ്ണഞ്ചേരി, തണ്ണീർമുക്കം , മാരാരിക്കുളം പഞ്ചായത്തുകൾ
പുതിയ കണക്ഷനുകൾക്ക്
ഫോൺ : +1800-2021-999
പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിലും വീടുകളിലും വാതകച്ചോർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. റോഡുകളിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതിന് പുറമേ ജെ.സി.ബികളെ ജിയോ ടാഗിംഗിലാക്കി. ജില്ലയിലെ എല്ലാ ജെ.സി.ബികളെയും ടാഗ് ചെയ്തതോടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ഇവ തുടർച്ചയായി തങ്ങിയാൽ ഉടൻ അലർട്ട് മെസേജുകളെത്തും
- റീജിയണൽ ഹെഡ് ദീപുജോൺ, മാർക്കറ്റിംഗ് മേധാവി ജെയ്ജോ ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |