സുൽത്താൻ ബത്തേരി: വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ടിടി വൺ എന്ന മുട്ടികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നലെയും വിഫലമായി. രജീവ് എന്ന യുവ കർഷകനെ കൊലപ്പെടുത്തിയ ആന
കൺ മുന്നിൽ തന്നെ ഉണ്ടായിരുന്നെങ്കിലും സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് നീക്കി മയക്കുവെടിവെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. ആനയെ ലോക്കേറ്റ് ചെയ്തതിന് ശേഷം പുലർച്ചെ അഞ്ചിന് തുടങ്ങിയ ദൗത്യം വൈകീട്ട് അഞ്ച് മണിവരെ നീണ്ടു.
ആനയെ മടക്കുവെടിവെച്ച് പിടികൂടുന്നതിന് ദൗത്യസംഘം തുടർച്ചയായ ആറാം ദിവസമാണ് മിഷൻ മുട്ടി ഓപ്പറേഷനുമായി വനാതിർത്തിയിൽ നിലയുറപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദൗത്യസംഘത്തിന്റെ പിടിയിയിൽ നിന്ന് ആന രക്ഷപ്പെട്ട് വനത്തിനുള്ളിലേയ്ക്ക് കയറിയത്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ ജനവാസകേന്ദ്രത്തിലെത്തി കൃഷി നശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് വള്ളുവാടി ഉന്നതിയ്ക്കും നിലഞ്ചിറക്കും ഇടയിൽ ആനയെ കണ്ടത്. ഉടൻ മേഖല 80 അംഗ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലാക്കി. സംഘത്തെ സഹായിക്കാൻ മുത്തങ്ങ പന്തിയിലെ നാല് കുങ്കിയാനകളെയും മേഖലയിൽ കാവൽ നിർത്തി.
കുറ്റിക്കാടും ചതുപ്പും വിനയായി
മുട്ടിക്കൊമ്പനെ മടക്കുവെടിവെയ്ക്കുന്നതിന് തടസമായി നിന്ന കാട്ടാനകൂട്ടത്തെ പടക്കം പൊട്ടിച്ച് ദൗത്യസംഘം ദൂരേയ്ക്ക് മാറ്റി. കുറ്റിക്കാടും ചതുപ്പും ചെരിഞ്ഞ പ്രദേശത്തുമാണ് ആന നിലയുറപ്പിച്ചിരുന്നത്. അതിനാൽ മയക്കുവെടിവെയ്ക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. ഇതിനിടെ ആനയെ വെടിവെച്ചാൽ വാഹനത്തിൽ കയറ്റി മുത്തങ്ങയിലേയ്ക്ക് കൊണ്ടുപോകുന്നതിന് വനത്തിൽ വഴിയൊരുക്കിയിരുന്നു.
ആനയെ മയക്ക് വെടിവെയ്ക്കാൻ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് നീക്കാനുള്ള ശ്രമത്തിനിടെ രാവിലെ 10 മണിയോടെ ആന വീട്ടികുറ്റി ഭാഗത്തെ അരിക്കാട്ടിലേയ്ക്ക് മാറി (കൊങ്ങിണി) നിലയുറപ്പിച്ചു. മുപ്പത് മീറ്ററെങ്കിലും അടുത്ത് നിന്ന് മയക്ക് വെടിവെച്ചങ്കിൽ മാത്രമെ ആനയ്ക്ക് ഏൽക്കുകയുള്ളു. അരിക്കാട് അയതിനാൽ കാട് വെട്ടിത്തെളിച്ച് വേണം ആനയുടെ സമീപത്തേയ്ക്ക് എത്താൻ. വെയിലിന്റെ കാഠിന്യം രൂക്ഷമായതും പകൽ സമയത്തെ ദൗത്യത്തെ ബാധിച്ചു. വെയിലിന്റെ ശക്തികുറഞ്ഞതിന് ശേഷം മയക്കുവെടിവെയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .ഇതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
ബുദ്ധിശാലിയും വേഗത്തിൽ സഞ്ചരിക്കുകയും മേഖല നല്ല സുപരിചിതനുമായ ആനയാണ് മുട്ടികൊമ്പൻ. ഇതാണ് ആനയെ മയക്കുവെടിയ്ക്കൽ ദുഷ്ക്കരമായത്.
വരുൺ ഡാലിയ, വൈൽഡ് ലൈഫ് വാർഡൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |