
പാലക്കാട്: സംശുദ്ധരായ സ്വതന്ത്രരെയാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നിർത്താറുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നല്ല നിലയ്ക്ക് ജയിച്ചുവന്നിട്ടുമുണ്ട്. മലപ്പുറത്ത് തങ്ങൾ നടത്തിയ പല പരീക്ഷണങ്ങളും ജനങ്ങൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഇക്കാര്യങ്ങൾ ലീഗിനും യുഡിഎഫിനും പ്രയാസങ്ങൾ സൃഷ്ടിച്ചു. മങ്കടയിൽ നല്ല പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമായി മാറുകയാണ്. നല്ല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നത്. ചെന്നിത്തലയുൾപ്പെടെ നുണകൾ പറയുന്നതിൽ മത്സരിക്കുകയാണ്. നുണകൾ അഴിച്ചുവിടുകയാണ്. നുണപറഞ്ഞ് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്.
ഞങ്ങൾക്ക് നാടിനുമുന്നിൽ ഒരുപാട് കാര്യങ്ങൾ അവതരിപ്പിക്കാനുണ്ട്. പത്തുവർഷക്കാലം സർക്കാർ എന്തുചെയ്തു, യുഡിഎഫ് സർക്കാർ എത്രത്തോളം തകർച്ചയുണ്ടാക്കി, ജനങ്ങളിലെ പ്രതികരണം എന്നിവയാണ് നോക്കുന്നത്. നല്ല രീതിയിൽ നാട് അഭിവൃദ്ധിപ്പെട്ടുവെന്നാണ് ജനങ്ങളുടെ പ്രതികരണം.
നമ്മുടെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, പശ്ചാത്തല സൗകര്യരംഗം, കാർഷികമേഖല എന്നിങ്ങനെ ഏതെല്ലാം തരത്തിലുള്ള വളർച്ചയാണ് നാടിനുണ്ടായത്. അതിന്റെ തുടർച്ചയായാണ് എൽഡിഎഫിന് ജനങ്ങൾ തുടർഭരണം സമ്മാനിച്ചത്. ബിരിയാണി ചെമ്പും, ബിരിയാണിക്കകത്തെ സ്വർണവും അങ്ങനെ എന്തെല്ലാം കഥകളാണ് പ്രചരിപ്പിച്ചത്. എന്നാൽ അതാണോ ജനങ്ങൾ മുഖവിലയ്ക്കെടുത്തത്.
ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ നിത്യജീവിതത്തിലുണ്ടായ മാറ്റങ്ങളുടെ ഫലമായി എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചു. ലോകത്തിന്റെതന്നെ വൻ ശ്രദ്ധയിലാണ് കേരളമിപ്പോൾ. ലോകത്ത് അപൂർവം രാഷ്ട്രങ്ങൾ മാത്രമേ അതിദാരിദ്രമുക്തമായിട്ടുള്ളൂ. നമ്മുടെ സംസ്ഥാനം അതിദാരിദ്രമുക്തമാണ്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നാണ് ലോകം ആശ്ചര്യപ്പെടുന്നത്. അത് എൽഡിഎഫായതുകൊണ്ടാണ് സംഭവിച്ചത്.
കോൺഗ്രസും ബിജെപിയും ആഗോളവത്കരണ നയമാണ് സ്വീകരിച്ചിരിക്കുന്നത്. അത് കോർപ്പറേറ്റുകളെയാണ് സഹായിക്കുന്നത്. എൽഡിഎഫ് ആഗോളവത്കരണ നയമല്ല, മറിച്ച് ജനപക്ഷത്താണ് നിൽക്കുന്നത്. ഇതാണ് എൽഡിഎഫിന്റെ പ്രത്യേകത. കേരളത്തിൽ എത്രമാത്രം അഭിവൃദ്ധിയാണുണ്ടായത്. ഇത് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വിവാദമുണ്ടാക്കാൻ പച്ച നുണയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും ജനങ്ങളിൽ ഏശില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ സ്ഥാപനങ്ങളിലെ സോഫ്‌ട്‌വെയർ തട്ടിപ്പ് ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ സംഗതികൾക്കും മറുപടി പറയാൻ പുറപ്പെട്ടാൽ അത് അവരുടെ അജണ്ട നടപ്പാക്കലാകും. ഇല്ലാത്ത കാര്യം ഉന്നയിച്ച് എൽഡിഎഫിനെ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിശിതമായ വിമർശനമാണ് അവർക്ക് നേരിടേണ്ടി വന്നത്. 4415 സഹകരണ സ്ഥാപനങ്ങളാണുള്ളത്. അവയിൽ പൊതുവായ സോഫ്‌ട്‌വെയർ ആണ് നടപ്പാക്കുന്നത്.
അതിനായി 2021ലെ ടെണ്ടർ അനുസരിച്ച് 206 കോടി രൂപയ്ക്ക് ടാറ്റ കൺസൾട്ടൻസിക്ക് ലെറ്റർ ഓഫ് ഇന്റന്റ് നൽകിയെങ്കിലും 2024ൽ അവർ ഏകപക്ഷീയമായി പിന്മാറി. തുടർന്ന് 2025ൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചു. ഹൈലെവൽ കമ്മിറ്റിയുടെ പരിശോധനയും നിയമവകുപ്പിന്റെ അനുമതിയും ലഭിച്ചതിനുശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ഹൈക്കോടതിയും അനുമതി നൽകി. പുതിയ പദ്ധതിയിലെ ഡാറ്റയും സോഴ്‌സ് കോഡും സർക്കാർ ഉടമസ്ഥതയിലാണ് നിലനിൽക്കുന്നത്. മുൻപ് ഇതുണ്ടായിരുന്നില്ല. 23000 സഹകരണ സംഘങ്ങളിലേയ്ക്ക് സോഫ്ട്‌വെയർ വ്യാപിപ്പിക്കാൻ കഴിയും. മറ്റ് കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണം തെറ്റാണ്. ഏകദേശം 45 കമ്പനികൾക്ക് കൺസോർഷ്യം രൂപത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ഇത്രയും സുതാര്യമായി നടന്ന കാര്യങ്ങളിലാണ് ആരോപണം ഉന്നയിക്കുന്നത്.
ഇന്നലെ ഏതോ ആർഎസ്‌എസ് നേതാവ് ഡീലിനെക്കുറിച്ച് പറഞ്ഞു. ആ ഗതികേടൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾ ഒരു ഡീലിനുമില്ല. ഞങ്ങൾക്ക് എല്ലാം സുതാര്യമാണ്. ഒരു വർഗീയതയോടും ഞങ്ങൾക്ക് ബന്ധമില്ല. അവിശ്വാസപ്രമേയത്തിനുള്ള അവസരം പോലും പ്രതിപക്ഷം ഉപയോഗിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലക്കാട് മണ്ഡലത്തിൽ നല്ല രീതിയിൽ വിജയിക്കുമെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |