
ചേർത്തല: ചേർത്തലയിലെ തിരഞ്ഞെടുപ്പു പോരാട്ടം ആവേശത്തിലേക്ക്. കൺവെൻഷനുകൾ പൂർത്തിയാക്കി എൽ.ഡിഎഫും യു.ഡി.എഫും,എൻ.ഡി.എയും പ്രചരണത്തിൽ സജീവമായി.അടുത്ത ദിവസം മുതൽ കളം കളർഫുള്ളാക്കാൻ മൂന്നുമുന്നണികൾക്കുമായി കൂടുതൽ നേതാക്കളും പ്രചാരണത്തിന് എത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ആർ.രാജേന്ദ്രപ്രസാദ് ഇന്നലെ മുഹമ്മ,കായിപ്പുറം,ചാരമംഗലം,പോളക്കാടൻ കവല എന്നിവിടങ്ങളിലാണ് പ്രധാനമായും പര്യടനം നടത്തിയത്.കയർഷിപ്പിംഗ് സെന്ററിലും,കക്കാ തൊഴിലാളികളെയും,തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഓട്ടോ സ്റ്റാൻഡുകളിലും തൊഴിലാളികളെ നേരിൽകണ്ടു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ പ്രചരണം ചേർത്തല നഗരസഭ പരിധിയിലെ ടൗൺ കിഴക്ക്–പടിഞ്ഞാറു പ്രദേശങ്ങളിലായിരുന്നു. നെടുമ്പ്രക്കാട് പ്രദേശത്തു നിന്നാണ് രാവിലെ വീടുകൾ സന്ദർശിച്ചു തുടങ്ങിയത്.കയർ ഫാക്ടറിയിൽ തൊഴിലാളികളെ നേരിൽ കണ്ടും കടകളും വീടുകളും കയറിയും വോട്ടു തേടി.വരേകാട് കൊല്ലപ്പള്ളി ചേർത്തല ദേവിക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു.ഉച്ചകഴിഞ്ഞു മുട്ടം പള്ളി, കന്യാസ്ത്രീ മഠം,ഫാർമസി കോളേജ് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ടു തേടി.വൈകിട്ട് ചെറുവാരണത്ത് നടന്ന സി.പി.ഐ നേതാവ് ടി.പുരുഷോത്തമന്റെ അനുസ്മരണത്തിലും പങ്കെടുത്തു
ആവേശം വിതറിയാണ് യുവാവായ എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.അനന്തരാജിന്റെ പ്രചരണം. പ്രധാനമായും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ടുതേടിയത്. പൗരപ്രമുഖരേയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചേർത്തല തെക്കിലെ തൊഴിലുറപ്പ് കേന്ദ്രങ്ങളിൽ തൊഴിലാളികൾ ആവേശത്തോടെയാണ് അനന്തരാജിനെ വരവേറ്റത്.കടക്കരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലെത്തിയും വോട്ടഭ്യർത്ഥന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |