
മലപ്പുറം: എസ്.ഡി.പി.ഐയുടെ തിരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിലെ വാർത്താസമ്മേളനത്തിൽ സി.പി.എം-എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ മറുപടി. പ്രത്യേക അജൻഡയുമായി വന്നതാണെങ്കിൽ അതുമാറ്റിവച്ചാൽ മതിയെന്നും പറഞ്ഞു.
ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ പിൻവലിച്ചതും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ അവരുടെ വോട്ട് സ്വീകരിക്കുമെന്നു പറഞ്ഞതും സംബന്ധിച്ച ചോദ്യങ്ങളോട് 'ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ, പത്രസമ്മേളനം അലങ്കോലപ്പെടുത്താൻ ഉദ്ദേശ്യമുണ്ടോ. നിങ്ങളുടെ ധാരണകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം'
എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എസ്.ഡി.പി.ഐ വോട്ടുകൾ വേണ്ടെന്നുവയ്ക്കുമോ എന്നചോദ്യത്തിന് യു.ഡി.എഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും ഇത്തരം ചോദ്യങ്ങൾ മാദ്ധ്യമങ്ങളുടെ അജൻഡയാണെന്നും മറുപടി നൽകി. മരുമോനിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന പി.വി.അൻവറിന്റെ പ്രഖ്യാപനം സംബന്ധിച്ച ചോദ്യത്തോട് എന്തുംപറയാനുള്ള, നാക്കിന് എല്ലില്ലാത്ത ആളാണ് അൻവർ. അതുകേട്ട് ഇവിടെവന്ന് വർത്തമാനം പറയാൻ നിൽക്കേണ്ട. അത് നല്ല ഗുണമല്ലെന്നായിരുന്നു പ്രതികരണം.
മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെക്കുറിച്ച് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്കുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: ''തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാദ്ധ്യമങ്ങൾ വിലയിരുത്തിയാൽ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താൻ ഇന്നലെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ആളല്ല''.
ഹരിയാനയിലെ കോഴയാരോപണം കോൺഗ്രസിന്റെ അപചയത്തെയാണ് കാണിക്കുന്നത്. ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ എന്തുകൊണ്ടാണ് നിയമനടപടി എടുക്കാത്തതെന്നും ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |