
തിരുവനന്തപുരം: നേമം സത്യൻ നഗറിലെ റോമൻ കാത്തലിക് പള്ളിയിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ രാവിലെ 9ന് എത്തുമ്പോൾ ഓശാന ഞായറാഴ്ചയുടെ തിരക്ക്. കൈകളിൽ കുരുത്തോലയുമായി നിന്ന വിശ്വാസികളുടെ ഇടയിൽ കൈ കൂപ്പി വോട്ടഭ്യർത്ഥിച്ചു. പുഞ്ചിരിയോടെ, ചുരുക്കം വാക്കുകളിൽ, ഇത്തവണ മാറ്റം വേണമെന്ന അഭ്യർത്ഥന.
കേരളമെമ്പാടും ഓടിയെത്തേണ്ടി വരുമ്പോഴും , ഞായാറാഴ്ച ദിവസം അദ്ദേഹം സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിത്തിനായി മാറ്റി വച്ചിരിക്കുകയാണ്. മണ്ഡലത്തിലെ പൗരപ്രമുഖരെ കാണുന്നതിന്റെ തിരക്കിലായിരുന്നു ഇന്നലെ . വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരെ രേരിൽ കണ്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് എന്തു കൊണ്ട് വോട്ടുചെയ്യണമെന്ന് വിശദമാക്കി. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ, മുതിർന്ന വ്യക്തികൾക്കുള്ള ആനുകൂല്യങ്ങൾ, ശബരിമല സ്വർണക്കൊള്ള ഇതെല്ലാം ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചു. ബി.ജെ.പി എം.എൽ.എയുണ്ടെങ്കിൽ ലഭിക്കുമായിരുന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. വോട്ടർമാർക്ക് പറയാനുള്ളത് ശ്രദ്ധാപൂർവം കേട്ട് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് നൽകി. ഓരോ സ്ഥലത്തും ചുമതലപ്പെടുത്തിയ നേതാക്കന്മാരും പ്രവർത്തകരും കാത്തുനിൽക്കുന്നു. കാർ പോകാത്ത സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിലും നടന്നും വോട്ടർമാരെ കാണുന്നു. തിരക്കിനിടയിലും സെൽഫിക്കും ഫോട്ടോയ്ക്കുമെത്തിയ പ്രവർത്തകരേയും കുട്ടികളേയും നിരാശരാക്കിയില്ല.
കാത്തുനിന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എൽ.ഡി.എഫ്, യു.ഡിഎഫ് വാദങ്ങൾ ഖണ്ഡിച്ചുള്ള മറുപടി. വികസനമാണ് ബി.ജെ.പി മുന്നണി മുന്നോട്ട് വയ്ക്കുന്നത്. മാറ്റം വേണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നു. ബി.ജെ.പി വികസനത്തെക്കുറിച്ച് പറയുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഡീലും തന്റെ ആദായ നികുതിയുമൊക്കപ്പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നു. വികസന പ്രശ്നം ജനങ്ങളും ഏറ്റെടുക്കുമോയെന്ന ഭയമാണ് കാരണം. എൽ.ഡി.എഫിനും യു.ഡി.എഫിനും വികസനത്തെക്കുറിച്ച് പറയാൻ ഒന്നുമില്ല. മുമ്പ് , സി.പി.എമ്മിനെ മടുത്താൻ കോൺഗ്രസിനെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു. ഇന്നതല്ല അവസ്ഥ. ജനങ്ങൾക്ക് മുന്നിൽ മൂന്നാമത് മറ്റൊരു ശക്തിയുണ്ട്. അത് 140 സീറ്റിലുമുണ്ടെന്നു പറയുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ചതോടെ, തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ലെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |