തിരുവനന്തപുരം: കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.ആനാട് മന്നൂർക്കോണം പാണയം മുജീബ് മൻസിലിൽ അബ്ദുൾ ജലീലിന്റെ മകൻ മുജീബ് ഖാനെയാണ് (37) തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് നാലാം കോടതി വെറുതെ വിട്ടത്. പാണയം ആർച്ച് ജംഗ്ഷനിൽ ആരിഫാ ബീവിയുടെ മകൾ സുമയ്യ ബീവി കൊല്ലപ്പെട്ട കേസിലാണ് വിധി. 2010 ജൂൺ 20നായിരുന്നു സുമയ്യ ബീവി കൊല്ലപ്പെട്ടത്.
പ്രതിയുടെ മാമന്റെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു സുമയ്യ. ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് സുമയ്യ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും,ഇതിനിടെ സുമയ്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ച് പ്രതി പണം വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പണയം വച്ച ആഭരണങ്ങൾ തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു കേസ്.
സംഭവം നടക്കുമ്പോൾ 20 വയസുള്ള എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു മുജീബ് ഖാൻ. സുമയ്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി പുറത്തുപോയ പ്രതി, ഒരു മണിക്കൂറിന് ശേഷം തിരികെ വന്ന് മൃതദേഹം അറുത്തിട്ടു. ഇത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ തെളിവുകൾ നശിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ക്ളാരൻസ് മിരാന്റ,അഡ്വ.ശശികുമാരൻ തമ്പി എന്നിവർ ഹാജരായി. കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയമായ ഫോറൻസിക് തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. തെളിവുകളുടെ അഭാവം കണക്കിലെടുത്താണ് കോടതി പ്രതിയെ നിരുപാധികം വെറുതെ വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |