
നെടുമ്പാശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഭാത ഭക്ഷണം കഴിക്കാൻ അപ്രതീക്ഷിതമായി അത്താണി സൽക്കാരയിലെത്തിയത് ഹോട്ടൽ ജീവനക്കാർക്കും നാട്ടുകാർക്കുമെല്ലാം കൗതുകമായി. നെടുമ്പാശേരി താജ് ഹോട്ടലിലാണ് രാഹുൽ ഗാന്ധി തങ്ങിയതെങ്കിലും പ്രഭാത ഭക്ഷണത്തിനായി 10.45ഓടെ അത്താണി എയർപോർട്ട് റോഡ് സിഗ്നലിലെ സൽക്കാരയിലെത്തുകയായിരുന്നു. അര മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചു. രാഹുലിനെയും വാഹനവ്യൂഹവുമെല്ലാം കണ്ട് തടിച്ചുകൂടിയവരെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് നീക്കിയത്. അപ്പവും മുട്ടക്കറിയും ബ്രെഡ് ഓംലെറ്റും ചായയുമാണ് രാഹുൽ കഴിച്ചത്. ഭക്ഷണത്തിന് ശേഷം വിമാനത്താവളത്തിൽ നിന്നും രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് പോയി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി ജോൺ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂർ, കോതമംഗലം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |