കൊയിലാണ്ടി: അടിപ്പാത പണിതിട്ടും സർവീസ് റോഡിലൂടെ ഗതാഗതം നടത്തേണ്ട ഗതികേടിൽ നാട്ടുകാർ. കൊയിലാണ്ടിയ്ക്കും കോഴിക്കോടിനും ഇടയില്‍ യാത്ര ചെയ്യുന്നവർക്കാണ് ഈ ദുർഗതി. തിരുവങ്ങൂർ, പൂക്കാട്, പൊയില്‍ക്കാവ് എന്നിവിടങ്ങളിലെ അടിപ്പാത പണിതിട്ടും അതിലൂടെ യാത്രചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി തിരുവങ്ങൂരില്‍ കുനിയില്‍ക്കടവ് റോഡിലേക്ക് തിരിയുന്നിടത്ത് അടിപ്പാത നിര്‍മ്മിച്ചിട്ട് രണ്ടര വര്‍ഷത്തോളമായി. ഇതിനിടയില്‍ അടിപ്പാതയുടെ ഇരുവശത്തെ കോണ്‍ക്രീറ്റ് പാനല്‍ മതിലുകള്‍ക്ക് ബലം ക്ഷയവും വിളളലും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കി പുനര്‍നിര്‍മ്മിച്ചിട്ടും മാസങ്ങളായി. എന്നാല്‍ അടിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ എന്ന് കടത്തിവിടും എന്ന കാര്യത്തില്‍ ഇപ്പോഴും എന്‍.എച്ച്.എ.ഐ അധികൃതര്‍ക്ക് നിശ്ചയമില്ല. സർവീസ് റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇതേ പ്രശ്നമാണ് പൂക്കാടിലും ചെങ്ങോട്ടുകാവിലും ഉളളത്. പൂക്കാടില്‍ അടിപ്പാതയ്ക്ക് മുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടിരുന്നു. ദീര്‍ഘ ദൂര ബസുകളടക്കം പാലത്തിന് മുകളിലൂടെ പോയിരുന്നു. പ്രവൃത്തി പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് ഗതാഗതം വീണ്ടും താഴെ സര്‍വീസ് റോഡിലൂടെയാക്കി. ചെങ്ങോട്ടുകാവില്‍ നന്തി ബൈപ്പാസ് തുടങ്ങുന്നിടത്ത് അണ്ടര്‍പാസ് നിര്‍മ്മിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായി. എന്നാല്‍ നാളിത്രയായിട്ടും മുകളിലൂടെയും ഗതാഗതം തുടങ്ങിയില്ല. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെയും എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടെയും അലംഭാവം കാരണമാണ് ഇത് ഇങ്ങനെ നീളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പൂക്കാട് അണ്ടര്‍പാസിന് സമീപം സര്‍വീസ് റോഡില്‍ വലിയ ഹമ്പ് നിര്‍മ്മിച്ചപ്പോള്‍ വാഹനങ്ങള്‍ക്ക് കയറിയിറങ്ങാനും
ബുദ്ധിമുട്ടായെന്നും ശാസ്ത്രീയമല്ലാതെയാണ് ഇവിടെ ഹമ്പുകള്‍ സ്ഥാപിച്ചതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
അടിപ്പാതകൾക്ക് മുകളിലൂടെ വാഹനങ്ങൾ കടത്തിവിടാൻ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം തുടങ്ങും. പീക്ക് ടൈമിൽ യാതദുസ്സഹമാണ്. ആംബുലൻസുകൾക്ക് പോലും കടന്ന് പോവാൻ കഴിയില്ല.
തൻഹീർ കൊല്ലം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |