
പെട്രോൾ വില കൂട്ടി അമേരിക്ക, യു.എ.ഇ
യുദ്ധം ജനജീവിതത്തെ ബാധിക്കുന്നു
കൊച്ചി: ഇറാൻ യുദ്ധത്തിന്റെ അനുരണനങ്ങൾ ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതത്തെയും ബാധിക്കുന്നു. ഇന്ന് മുതൽ അമേരിക്കയിലും യു.എ.ഇയിലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില 33 ശതമാനം വരെ കൂടും. അമേരിക്കയിൽ ഗാസൊലിന്റെ ചില്ലറ വിൽപ്പന വില ഗാലനിന്(3.79 ലിറ്റർ) നാല് വർഷത്തിന് ശേഷം ഇതാദ്യമായി നാല് ഡോളർ കവിഞ്ഞു. ഇന്ധന പ്രതിസന്ധി മറികടക്കാൻ യു.എ.ഇ ഇന്ന് മുതൽ സൂപ്പർ 98പെട്രോൾ വില ലിറ്ററിന് 2.59 ദിർഹത്തിൽ നിന്ന് 3.39 ദിർഹമായി ഉയർത്തി. 31 ശതമാനം വർദ്ധനയാണ് വിലയിലുണ്ടായത്. സ്പെഷ്യൽ പെട്രോളിന്റെ വില 2.48 ദിർഹത്തിൽ നിന്നും 3.28 ദിർഹമായി ഉയരും. ഇ പ്ളസ് ഇന്ധനത്തിന്റെ വില 2.4 ദിർഹത്തിൽ നിന്ന് 3.20 ദിർഹമായി ഉയർത്തി. ഡീസൽ വില യു.എ.ഇയിൽ ലിറ്ററിന് 4.14 ദിർഹത്തിൽ നിന്ന് 4.69 ദിർഹമായി ഉയരും.
ജനജീവിതം ദുസഹമാകും
പശ്ചിമേഷ്യയിലെ യുദ്ധം അനിശ്ചിതമായി നീളുന്നതിനാൽ ലോകമെമ്പാടും ഇന്ധന വിലക്കയറ്റം കടുത്ത ഭീഷണി സൃഷ്‌ടിക്കുകയാണ്. ഏഷ്യയിൽ പാക്കിസ്ഥാനും ശ്ര്രീലങ്കയും ബംഗ്ളാദേശും വിയറ്റ്നാമും അടക്കുള്ള രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയിരുന്നു. ഇതോടെ അവശ്യ സാധനങ്ങളുടെ വില ഈ രാജ്യങ്ങളിൽ കുതിച്ചുയരുകയാണ്. ഇറക്കുമതി ചെലവ് കൂടുന്നതിനാൽ ഏഷ്യയിൽ നാണയ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.
പ്രതിസന്ധിക്ക് പിന്നിൽ
ലോകത്തിലെ മൊത്തം ചരക്കു കൈമാറ്റത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഒരു മാസമായി അടഞ്ഞു കിടക്കുന്നതാണ് പ്രധാന വെല്ലുവിളി. ഇക്കാലയളവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയിൽ ചാഞ്ചാടുകയാണ്. അമേരിക്കയും യൂറോപ്പും റഷ്യയും അധിക എണ്ണ വിപണിയിലെത്തിച്ചിട്ടും വില വർദ്ധന നിയന്ത്രിക്കാനാകുന്നില്ല.
പ്രതിസന്ധി വ്യാപിക്കുന്നു
ക്രൂഡ് വില കുതിച്ചുയർന്നതോടെ പെട്രോളിയം ഉത്പന്നങ്ങളായ പെട്രോൾ, ഡീസൽ, പാചകവാതകം, ഏവിയേഷൻ ടർബൻ ഫ്യൂവൽ തുടങ്ങിയവയുടെ ഉത്പാദന ചെലവും ഗണ്യമായി ഉയർന്നു, പ്രകൃതി വാതകം അടക്കമുള്ള മറ്റ് ഇന്ധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനാൽ കുടുംബ ബഡ്‌ജറ്റ് താളം തെറ്റുകയാണ്. ആഗോള ജി.ഡി.പിയിൽ രണ്ട് ശതമാനം കുറവുണ്ടാക്കാൻ പ്രതിസന്ധി കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |