
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി തുടരുന്നതിനിടെ പരിശോധനയ്ക്കയച്ച സാമ്പിളുകൾ പോസിറ്റീവായി. കിണാശ്ശേരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി കണ്ടെത്തുകയും പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പരിശോധനയ്ക്കയച്ച സാംപിളുകളിൽ കിണാശ്ശേരിയിൽ നിന്നുള്ള കോഴിയുടെ സാംപിളാണ് പോസിറ്റീവായത്. ഇതോടെ ഈ മേഖലയിൽ വരും ദിവസങ്ങളിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികളിലേക്ക് മൃഗസംരക്ഷണ വകുപ്പ് കടക്കും.
എരഞ്ഞിപ്പാലം, ഫറോക്ക്, രാമനാട്ടുകര, കിണാശ്ശേരി എന്നിവിടങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ സാംപിളുകൾ ശേഖരിച്ചത്. കാക്കകളുടെ സാംപിൾ ഉൾപ്പെടെ ഭോപ്പാലിലെ ഐ.സി.എ.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ചതിൽ മൂന്നെണ്ണം നെഗറ്റീവായി. കിണാശ്ശേരിയിലെ കോഴിയുടെ സാംപിൾ മാത്രമാണ് പോസിറ്റീവായത്. കിണാശ്ശേരിയിൽ എത്രത്തോളം പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്രാഥമിക പഠനം നടത്തിവരികയാണ്. അടുത്തദിവസം തന്നെ ഇതിനായുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കും. നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ച പെരുമണ്ണയിലെ 15-ാം വാർഡ്, ഒളവണ്ണയിലെ ആറാം വാർഡ്, കക്കോടിയിലെ നാലാം വാർഡ്, പനങ്ങാട്ടെ 15-ാം വാർഡ്, കോർപ്പറേഷൻ പരിധിയിലെ കൊളത്തറ, ചെറുവണ്ണൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള മൂവായിരത്തോളം വളർത്തുപക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. പക്ഷികൾക്ക് പുറമെ മുട്ടയും തീറ്റയും നശിപ്പിക്കുകയും മേഖലയിൽ അണുനശീകരണം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.
'മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഒസെൽട്ടാമിവിർ മരുന്നുകൾ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്'
രാജാറാം, ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |