SignIn
Kerala Kaumudi Online
Friday, 24 April 2026 10.44 PM IST

എരിപൊരി പ്രചാരണം

Increase Font Size Decrease Font Size Print Page
v

കൊച്ചി: പ്രചാരണം തീരാൻ രണ്ടുദിവസം ബാക്കിനിൽക്കെ അവസാന ഞായറിൽ വിശ്രമമില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നണികളും സ്ഥാനാർത്ഥികളും.കേന്ദ്ര ആഭ്യന്തരമന്ത്രി മുതൽ പ്രമുഖർ പ്രചാരണം കൊഴുപ്പിക്കാനെത്തി. ജില്ലയിലെ 14 മണ്ഡലങ്ങളിലും അതിശക്തമായ പ്രചാരണമാണ് ഇന്നലെ നടന്നത്. ഈസ്‌റ്റർ ദിവസം അവധിയായതിനാൽ സമ്മതിദായകരെ വീണ്ടും നേരിൽക്കാണാനുള്ള അവസരമാണ് ഉപയോഗിച്ചതെന്ന് മുന്നണി നേതാക്കൾ പറഞ്ഞു. പുലർച്ചെ തന്നെ പ്രവർത്തകർ വോട്ടഭ്യർത്ഥിച്ച് വീടുകളിലെത്തി. ഈസ്‌റ്റർ ആശംസാകാർഡുകൾ ക്രൈസ്‌തവ വീടുകളിൽ എത്തിക്കാനും ശ്രദ്ധിച്ചു.

കടുത്ത രാഷ്ട്രീയമില്ലാത്തവരെയും നിഷ്‌പക്ഷരെയും സ്വാധീനിക്കാൻ പ്രത്യേക ശ്രമങ്ങളുമുണ്ടായി. വ്യക്തിപരമായി അടുപ്പമുള്ളവരെയും പൊതുസ്വീകാര്യരെയും മുന്നണികൾ ഇതിനായി രംഗത്തിറക്കി. നഗരമേഖലകളിലെ ഇത്തരക്കാരെ കാണാൻ പാർട്ടികളുടെ പ്രമുഖ നേതാക്കളും അഭ്യർത്ഥനയുമായി വീടുകളിലെത്തി.

രണ്ടുനാൾ നിർണായകം

ഇന്നും നാളെയും സമ്പൂർണ പ്രചാരണ ഒരുക്കത്തിലാണ് സ്ഥാനാർത്ഥികൾ. മുഴുവൻ നേതാക്കളും പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്യുന്നത്. സമ്മതിദായകരെ വീണ്ടും വീണ്ടും നേരിൽക്കണ്ട് വോട്ടുകൾ ഉറപ്പിക്കാനും മറിക്കാനുമുള്ള അവസാനതന്ത്രങ്ങളെല്ലാം പുറത്തെടുക്കും. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

നാളെ നടക്കുന്ന കലാശക്കൊട്ട് മുന്നണികളുടെയും പാർട്ടികളുടെയും കരുത്ത് കാട്ടുന്ന പ്രകടനമായി മാറ്റും. പതിവിലേറെ വീറും വാശിയും കലാശക്കൊട്ടിൽ പ്രതിഫലിക്കും. വാശിയേറിയ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലാകും ഏറ്റവും വലിയ ശക്തിപ്രകടനമെന്ന് എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ നേതാക്കൾ പറഞ്ഞു.

ഇഴകീറി വിലയിരുത്തൽ

വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഓരോ പ്രദേശത്തെയും പ്രതികരണങ്ങളും ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ഇഴകീറി വിലയിരുത്തി വോട്ടുകൾ ഭദ്രമാക്കാൻ പ്രത്യേക സംഘങ്ങൾ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് അനുകൂലവും പ്രതികൂലവുമായി മാറാവുന്ന വോട്ടുകളുടെ എണ്ണമെടുക്കലുൾപ്പെടെ സൂക്ഷ്‌മമായ കാര്യങ്ങളും വിലയിരുത്തിയാണ് അവസാന ദിവസങ്ങളിൽ വോട്ടുറപ്പിക്കാൻ പാർട്ടികൾ ശ്രമിക്കുന്നത്.

വൻനേതാക്കളും കളത്തിൽ

എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ജില്ലയിലെത്തി. കോലഞ്ചേരിയിൽ നടന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. കുന്നത്തുനാട് മണ്ഡലത്തിലെ ട്വന്റി 20യുടെ ബാബു ദിവാകരൻ ഉൾപ്പെടെ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും പങ്കെടുത്തു. ത്രികോണ മത്സരം നടക്കുന്ന ജില്ലയിൽ എൻ.ഡി.എയ്‌ക്ക് ആവേശം പകരുന്നതായി അമിത് ഷായുടെ സന്ദർശനം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച ഫോർട്ടുകൊച്ചിയിൽ യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ ദേശീയ, സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പ്രചാരണം നടത്തി.

TAGS: LOCAL NEWS, ERNAKULAM, VOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.