SignIn
Kerala Kaumudi Online
Monday, 06 April 2026 11.24 PM IST

7000 അടി ഉയരത്തിൽ ഒറ്റയ്‌ക്ക്; ചെറിയ വിടവിനുള്ളിൽ 48 മണിക്കൂർ, അതിജീവിക്കാൻ പൈലറ്റിനെ സഹായിച്ചത് 'എസ്‌ഇ‌ആർഇ' പരിശീലനം

Increase Font Size Decrease Font Size Print Page
pilot

ടെഹ്‌റാൻ: ഇറാൻ തകർത്ത തങ്ങളുടെ യുദ്ധവിമാനത്തിലെ പൈലറ്റിനെ ശത്രുക്കളുടെ മണ്ണിൽനിന്ന് മടക്കികൊണ്ടുവന്നതിന്റെ അഭിമാനത്തിലാണ് അമേരിക്ക. ശത്രുസേനയുടെ കണ്ണുവെട്ടിച്ച് 48 മണിക്കൂറോളമാണ് ഇറാൻ മലനിരകളിൽ അദ്ദേഹം ജീവൻമരണപോരാട്ടം നടത്തിയത്. 7000 അടി ഉയരമുള്ള സാഗ്രോസ്‌ പർവ്വതനിരയിലെ ഒരു ചെറിയ വിടവിനുള്ളിലാണ് ഇറാന്റെ കണ്ണിൽപ്പെടാതെ പൈലറ്റ് ഒളിച്ചിരുന്നത്.

യുദ്ധവിമാനം തകർക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ അമേരിക്കൻ സേനയ്‌ക്കുപോലും തങ്ങളുടെ പൈലറ്റിന്റെ കൃത്യസ്ഥാനം മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. സിഗ്നലുകൾ ഇറാന് ലഭിക്കാതിരിക്കാനായി പരിമിതമായ സന്ദേശങ്ങൾ മാത്രം അയച്ചു. അത് ട്രാക്ക് ചെയ്‌താണ് അമേരിക്ക പൈലറ്റിനെ കണ്ടെത്തിയത്.

അമേരിക്കൻ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് ഏകദേശം 56 ലക്ഷം രൂപയാണ് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചത്. നാട്ടുകാരുടെയും ഇറാൻ സേനയുടെയും കണ്ണിൽപ്പെടാതിരിക്കാനായായാണ് ഉദ്യോഗസ്ഥൻ സാഗ്രോസ് പർവതമേഖലയിലെ വിടവിൽ ഒളിച്ചത്. ഒരു ഹാൻ‌ഡ്‌ഗണ്ണും ആശവിനിമയ ഉപകരണവും ട്രാക്കിംഗ് ബീക്കണും മാത്രമാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. വിഷമഘട്ടങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന 'എസ്‌ഇആർഇ' ( സർവൈവൽ, ഇവേഷൻ, റെസിസ്റ്റൻസ്‌ ആന്റ്‌ എസ്‌കേപിംഗ്‌) പരിശീലനമാണ് അദ്ദേഹത്തിന് രക്ഷയായത്. അപകടസാഹചര്യങ്ങളിൽ നിന്നും അതിജീവിക്കാനും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാനും സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാനും ഈ പരിശീലനം സൈനികരെ പ്രാപ്‌തരാക്കുന്നു.


ഏപ്രിൽ മൂന്നിന് ഇറാൻ വെടിവച്ചിട്ട യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാളെ അന്നുതന്നെ അമേരിക്ക കണ്ടെത്തിയിരുന്നു. രണ്ടാമത്തെയാൾക്കായി ഇറാൻ സേനയും അമേരിക്കൻ സേനയും ഒരുപോലെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. യുഎസിന്റെ ചരിത്രത്തിലെ ധീരമായ ദൗത്യമാണിതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. പൈലറ്റിനെ ഇറാൻ പിടികൂടിയിരുന്നെങ്കിൽ അതുപയോഗിച്ച് ഇറാൻ അമേരിക്കയോട് വിലപേശുമായിരുന്നു. അതിനാൽ, അമേരിക്ക തങ്ങളുടെ സർവ്വശക്തിയും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൈലറ്റിന്റെ അടുത്തേക്ക് ഇറാൻ എത്തുന്നത് തടയാൻ ചുറ്റുമുള്ള പ്രദേശങ്ങളിൽ യു.എസ് യുദ്ധവിമാനങ്ങൾ ബോംബിട്ടു. സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ മേഖലയിലേക്കിറങ്ങി. കമാൻഡോകളും ഇറാൻ സേനയും തമ്മിൽ വെടിവയ്‌പ് നടക്കുന്നതിനിടെയാണ് പൈലറ്റിനെ കണ്ടെത്തി സുരക്ഷിതമാക്കിയത്. ഇന്നലെ പുലർച്ചെ പൈലറ്റുമായി ഇറാന്റെ വ്യോമപരിധി കടന്നു. നൂറുകണക്കിന് സൈനികരും ഡസൻകണക്കിന് യുദ്ധവിമാനങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ, പൈലറ്റിനെ ഇറാൻ പിടികൂടിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇറാൻ ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായിരുന്നു ഇത്. അതിനൊപ്പം രക്ഷാദൗത്യം നടത്തുകയായിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, WAR, RESCUE, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.