
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി തമിഴ്‌നാട് രാഷ്‌ട്രീയം. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ രാഷ്‌ട്രീയമായി തടയാൻ പലവിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. കരൂരിൽ തിരക്കിനിടെ ഉണ്ടായ മരണങ്ങളും ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും എന്നെ തളർത്തിയിട്ടില്ല. എന്റെ യോഗങ്ങൾ തടയാൻ സർക്കാർ പ്രത്യേക മാർഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. ഒടുവിൽ എന്നെ വ്യക്തിപരമായി തകർക്കാൻ എന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കുകയാണവർ. അപകീർത്തിപ്പെടുത്താനാണ് തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുമ്പുള്ള വിവാഹമോചന ഹർജി.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്‌ക്കെടുത്തു. തമിഴ്‌നാട്ടിൽ ഇപ്പോഴുള്ളത് ഒരു പണപ്പെട്ടി സഖ്യം മാത്രമാണ്. എന്നാൽ, യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ എനിക്കൊപ്പമാണ്. ഡിഎംകെയും ബിജെപിയും ഒന്നിച്ച് എന്നെ തടയാൻ ശ്രമിക്കുകയാണ്. അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവർണ ഭരണം തമിഴ്‌നാട് വർഷങ്ങളായി ആഗ്രഹിക്കുന്നുണ്ട്. അത് തിരികെ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയും. തമിഴ്‌നാടിന്റെ ഭാവി മാറ്റാൻ ജനങ്ങൾ എനിക്കൊരു അവസരം നൽകണം. ജനക്കൂട്ടത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു'- വിജയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |