
പ്രമാടം : പാറക്കടവ് പാലത്തിലും സമീപത്തും മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. പ്രമാടം പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിന് താഴെയാണ് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ്. മാലിന്യംതള്ളുന്നത് വർദ്ധിച്ചതോടെ ഒരു വർഷം മുമ്പ് പാലത്തിന് സമീപം പ്രമാടം ഗ്രാമപഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പക്ഷേ ഇതുകൊണ്ട് ഫലമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ ഹോട്ടൽ, ഇറച്ചിക്കട വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും സമീപങ്ങളുമായി സാമൂഹ്യ വിരുദ്ധർ തള്ളി. ഇത് തെരുവുനായ്ക്കൾ വലിച്ചിഴച്ച് അച്ചൻകോവിലാറ്റിലും റോഡിലും മറ്റുംകൊണ്ടിട്ടു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് നീക്കം ചെയ്തത്. പത്തനംതിട്ട നഗരസഭയിലും പ്രമാടം പഞ്ചായത്തിലും നാട്ടുകാർ വിവരം അറിയിക്കാറുണ്ടെങ്കിലും നടപടിയില്ല. നേരത്തെ നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ക്യാമറ സ്ഥാപിച്ചതോടെയാണ് നിരീക്ഷണം അവസാനിച്ചത്. ഈ അവസരം മുതലാക്കിയാണ് ഇപ്പോൾ വീണ്ടും മാലിന്യം തള്ളുന്നത്. പ്രമാടം പഞ്ചായത്തും പത്തനംതിട്ട നഗരസഭയും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |