SignIn
Kerala Kaumudi Online
Friday, 24 April 2026 10.43 PM IST

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കുട്ടമശേരിയിലും കുന്നത്തേരിയിലും സംഘർഷം

Increase Font Size Decrease Font Size Print Page
kuttamassery-flex

ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ കുട്ടമശേരിയിലും കുന്നത്തേരിയിലും എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ഒഴിച്ചാൽ പൊതുവെ തിരഞ്ഞെടുപ്പ് ശാന്തമായിരുന്നു.

കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ നിന്നും 40 മീറ്രർ മാത്രം അകലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള കുറ്റൻ ഫ്ളക്സ് ബോർഡ് നീക്കുന്നതുമായുണ്ടായ തർക്കമാണ് ഇടത് - വലത് മുന്നണി പ്രവർത്തകർ തമ്മിൽ ഉന്തിനും തള്ളിനും ഇടയാക്കിയത്. ഫ്ളക്സ് നീക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ പ്രിഡൈസിംഗ് ഓഫീസർക്ക് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകിയെങ്കിലും ഇന്നലെ രാവിലെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിലേറെ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോർഡിന് സമീപം 8.30ഓടെ യു.ഡി.എഫ് പ്രവർത്തകർ മുന്നണി സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തെത്തിയതോടെ ബഹളമായി. ഇതിനിടയിൽ നേരിയ തോതിൽ ഉന്തും തള്ളും നടന്നു. സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എത്തി എൽ.ഡി.എഫിന്റെ ബാനർ കീറി മാറ്റി. ഫ്ളക്സ് കീറിയതിന്റെ പേരിലും എൽ.ഡി.എഫുമായി തർക്കമുണ്ടായി. ആലുവ സി.ഐ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് സംഘർഷം ഒഴിവാക്കിയത്.

ചൂർണിക്കര കുന്നത്തേരി ഹിദായത്തുൽ ഇസ്ലാം മദ്രസയിലാണ് രണ്ട് വട്ടം സംഘർഷം നടന്നത്. പോളിംഗ് സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ വോട്ടഭ്യർത്ഥിച്ചതിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് യു.ഡി.എഫുകാരെ പൊലീസ് നീക്കി. ഇതിന്റെ പേരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുടിലിങ്കൽ നിഷാദിന് (44) യു.ഡി.എഫുകാരിൽ നിന്ന് മർദ്ദനമേറ്റു. വൈകിട്ട് അഞ്ച് മണിയോടെ യു.ഡി.എഫ് പ്രവർത്തകൻ പുളിമൂട്ടിൽ സുധീറിനെ (40) എൽ.ഡി.എഫുകാർ തിരിച്ചടിച്ചു. പൊലീസും സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വോട്ടെടുപ്പ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതുവരെ സ്ഥലത്ത് തമ്പടിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇവിടെ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

TAGS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.