ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 77.39 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 74.75 ശതമാനമായിരുന്നു 2021ലെ പോളിംഗ് .കന്നിവോട്ടർമാരടക്കം വോട്ടവകാശം നിറവേറ്റാൻ മടികൂടാതെ എത്തിയതാണ് പോളിംഗ് ഉയരാൻ കാരണം.
കനത്ത ചൂടിനെ അവഗണിച്ച് വോട്ടർമാർ അതിരാവിലെ ബൂത്തിലെത്തിയ കാഴ്ച്ചയാണ് ജില്ലയിലാകമാനം കാണാനായത്. ഉച്ചയോടെ തന്നെപോളിംഗ് 50 ശതമാനം പിന്നിട്ടു. രാവിലെ 7മുതൽ 11 മണിവരെയുള്ള സമയത്ത് വോട്ട് രേഖപ്പെടുത്താനാണ് ഏറ്റവുമധികം പേരെത്തിയത്. എല്ലാ മണ്ഡലങ്ങളിലെയും ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാർക്ക് മണിക്കൂറുകളോളം ക്യു നിൽക്കേണ്ടി വന്നു. ഉച്ചയായതോടെ പോളിംഗ് ബൂത്തുകളിലെ തിരക്ക് കുറഞ്ഞു. വൈകിട്ട് നാല് മണിക്ക് ശേഷം വീണ്ടും തിരക്ക് വർദ്ധിച്ചു.
അമ്പലപ്പുഴ മണ്ഡലത്തിടക്കം അക്രമ സാദ്ധ്യതകളുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എല്ലാ ബൂത്തുകളിലും നിരീക്ഷ ക്യാമറകൾ സജ്ജീകരിച്ചതും, പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെയടക്കം സാന്നിദ്ധ്യമുണ്ടായിരുന്നതും അക്രമസംഭവങ്ങൾ ഒഴിവാകാൻ കാരണമായി. കായംകുളം ചേരാവള്ളി 107ാം നമ്പർ ബൂത്തിനുള്ളിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ എൽ.ഡി.എഫ് ബൂത്ത് ഏജന്റ് ആക്രമിച്ചു.
വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ ജില്ലയിൽ പലേടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി. 15 മിനിട്ട് മുതൽ അരമണിക്കൂർവരെ വോട്ടെടുപ്പ് വൈകി. മണ്ണഞ്ചേരി, ആലപ്പുഴ, മാരാരിക്കുളം, വെളിയനാട്, തലവടി, ചെങ്ങന്നൂർ പ്രദേശങ്ങളിലെ ബൂത്തുകളിലാണ് തകരാറുണ്ടായത്.
ബുധനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ആറ് മണിക്ക് വോട്ട് ചെയ്യാനെത്തിയ രണ്ടുപേരെ ബൂത്തിനുള്ളിൽ കയറ്റി വോട്ടിംഗ് ആരംഭിച്ചപ്പോൾ മെഷീൻ കേടായി
വോട്ട് വേറേ ആൾ ചെയ്തു
അരൂർ മണ്ഡലത്തിലെ തുറവൂർ വളമംഗലത്ത് 200ാം നമ്പർ ബൂത്തിലെ ഇടുതറ വീട്ടിൽ ഹരികൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ തന്റെ വോട്ട് ഇതിനകം രേഖപ്പെടുത്തിയതറിഞ്ഞ് ഞെട്ടി. വോട്ട് മറ്റാരോ ആണ് രേഖപ്പെടുത്തിയതെന്ന് കാണിച്ച് വരണാധികാരിക്ക് പരാതി നൽകി. അന്വേഷണത്തിൽ സമാനപേരുകാരനായ ശ്രീകൃഷ്ണവിലാസം വീട്ടിൽ ഹരികൃഷ്ണനാണ് തെറ്റായി വോട്ട് രേഖപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പരാതിക്കാരനെകൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചു.
അമ്പലപ്പുഴയിലെ കാക്കാഴം സ്കൂൾ 139ാം നമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയപ്പോഴാണ് വെളിംപറമ്പിൽ ഷാജിമോന്റെ വോട്ട് തപാൽ വോട്ടായി ചെയ്തുകഴിഞ്ഞതായറിഞ്ഞത്. വരണാധികാരിക്ക് പരാതി നൽകി
ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ കള്ളവോട്ട് നടന്നതായി പരാതി. ബി.ജെ.പി 39-ാം ബൂത്ത് പ്രസിഡന്റ്എ.ജി.ഗോപാലകൃഷ്ണൻ വോട്ട് മറ്റൊരാൾ ചെയ്തു. പരാതിയെ തുടർന്ന് ഗോപാലകൃഷ്ണൻ ടെൻഡർ വോട്ട് ചെയ്തു
കായംകുളം കരീലക്കുളങ്ങരയിൽ എം.ജി.എം എൽ.പി സ്കൂളിലെ ബൂത്തിൽ തന്റെ പേര് എന്തിനാണ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്ന് ചോദിച്ച് വോട്ടറായ രാജീവ് രാജപ്പൻ ഫസ്റ്റ് പോളിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസർ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി
മണ്ണഞ്ചേരി തമ്പകച്ചുവട് യു.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചേലക്കാപ്പള്ളി വീട്ടിൽ ഗീതാകുമാരിയുടെയും, ആലപ്പുഴ മണ്ഡലത്തിൽ വൈ.എം.എം.എ സ്കൂളിലെത്തിയ നൂറയുടെയും, കായംകുളം പുള്ളിക്കണക്ക് എൻ.എസ്.എസ് കരയോഗത്തിലെ 106ാം നമ്പർ ബൂത്തിലെത്തിയ ചിത്രാലയം വീട്ടിൽ അനന്തകൃഷ്ണന്റെയും വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ടെൻഡർ വോട്ട് രേഖപ്പെടുത്തി
ചേർത്തല മണ്ഡലത്തിലെ കണ്ണങ്കര സെന്റ് മാത്യൂസ് എസ്.എസിലെ ബൂത്തിലെ വോട്ടറായ നെടുംപറമ്പിൽ സൂരജ് വിൻസന്റിന്റെയും, വെട്ടിക്കൽ വീട്ടിൽ വി.ആർ.ഗസലിന്റെയും വോട്ടുകൾ ഇവരുടെ അച്ഛന്മാരാണ് ചെയ്തതെന്ന് കാണിച്ച് കോൺഗ്രസ് ചീഫ് പോളിംഗ് ഏജന്റ് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.
പോളിംഗ് ശതമാനം
(രാത്രി 8വരെ)
അരൂർ - 82.75 ശതമാനം
ചേർത്തല - 81.25ശതമാനം
ആലപ്പുഴ - 80.53 ശതമാനം
അമ്പലപ്പുഴ -80.1 ശതമാനം
കുട്ടനാട് - 71.57ശതമാനം
ഹരിപ്പാട് - 76.33 ശതമാനം
കായംകുളം -75.64 ശതമാനം
മാവേലിക്കര - 72.61 ശതമാനം
ചെങ്ങന്നൂർ - 70.85 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |