
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾക്ക് വിശ്രമമില്ല. മണ്ഡലത്തിൽ ഇന്നലെയും നിറഞ്ഞുനിന്നവരായിരുന്നു ഏറെയും.
തിരുവല്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി ഇന്നലെ രാവിലെ മുതൽ വസതിയിൽ എത്തിയവരുമായി ആശയവിനിമയം നടത്തി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. വിവിധ യോഗങ്ങളിലും പങ്കെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.മാത്യു ടി.തോമസ് രാവിലെ എം.എൽ.എ ഓഫീസിലെത്തി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചചെയ്തു. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ കണ്ടു. ചില സ്വകാര്യ ചടങ്ങുകളിലും എൽ.ഡി.എഫ് യോഗത്തിലും പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ ചില മരണാനന്തര ചടങ്ങുകളിൽ പോയശേഷം പാർട്ടി പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് കാര്യങ്ങളും വോട്ടെടുപ്പ് സംബന്ധിച്ച കണക്കുകൾ ചർച്ചചെയ്തശേഷം നേതാക്കളുമായി ആശയവിനിമയം നടത്തി.
അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ ഇന്നലെ രാവിലെ അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദർശനം നടത്തി. കോന്നിയിൽ പെന്തകോസ്ത് മിഷന് കീഴിലുള്ള കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുത്തു. അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലും സന്ദർശനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ രാവിലെ കൊടുമൺ ഐക്കാട് മരണവീട്ടിലെത്തി. ഉച്ചയ്ക്ക് ശേഷം അടൂരിലെത്തി പാർട്ടി പ്രവർത്തകരുടെ വീടുകൾ പോയി. എൻ.ഡി.എ സ്ഥാനാർഥി അഡ്വ.പന്തളം പ്രതാപൻ രാവിലെ ഏഴംകുളത്ത് മരണവീടുകളിൽ സന്ദർശനം നടത്തി. അതിനു ശേഷം പള്ളിക്കൽ സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി നേതാക്കളെ വീടുകളിലെത്തി കണ്ടു.
കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഇന്നലെ കോന്നിയിലെ വിവിധ പ്രദേശങ്ങളിൽ എത്തി പ്രധാന ആളുകളെ കണ്ടു. യു.ഡി.എഫ് ഭാരവാഹികളുമായി തിരഞ്ഞെടുപ്പ് അവലോകനം നടത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ മുറിഞ്ഞകൽ മ്ലാന്തടത്തെ വീട്ടിലും വരണാധികാരി ആവശ്യപ്പെട്ടതനുസരിച്ച് മലയാലപ്പുഴയിലും എത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം രാത്രിയിൽ എൻ.ഡി.എ ഭാരവാഹികളുമായി തിരഞ്ഞെടുപ്പിന്റെ വിശകലനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ ഇന്നലെ സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ചടങ്ങുകളിൽ പങ്കെടുത്തു. മുന്നണി പ്രവർത്തകരുമായി വോട്ടെടുപ്പിന്റെ കണക്കുകൾ വിശകലനം ചെയ്തു.
ആറൻമുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ശബരി ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം ചെലവിട്ടു. രാവിലെ പ്രധാന പ്രവർത്തകരോടൊപ്പം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി വിശകലനം നടത്തി. അന്തരിച്ച എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കലിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തിരഞ്ഞെടുപ്പിൽ പിന്തുണച്ച പ്രമുഖരിൽ ചിലരെ സന്ദർശിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഇന്നലെ മണ്ഡലത്തിലെ നേതാക്കളെയെല്ലാം സന്ദർശിച്ചു. സ്വാതന്ത്ര്യസമര സേനാനി പൊന്നമ്മ ടീച്ചറിന് കോഴഞ്ചേരിയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് പരിക്കേറ്റ വല്ലന ബൂത്ത് ഏജന്റിനെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളി പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ തന്നെയുണ്ടാകുമെന്ന് അബിൻ വർക്കി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |