SignIn
Kerala Kaumudi Online
Monday, 11 May 2026 8.56 AM IST

തകര്‍ത്തടിച്ച് 15കാരന്‍; ആര്‍സിബിയെ പഞ്ഞിക്കിട്ട് രാജസ്ഥാന്‍ റോയല്‍സ്, തുടര്‍ച്ചയായി നാലാം ജയം

Increase Font Size Decrease Font Size Print Page
ipl

ഗുവാഹത്തി: ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി നാലം ജയവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അനായാസം പരാജയപ്പെടുത്തുകയായിരുന്നു. 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറുകളില്‍ റോയല്‍സ് മറികടന്നു. സീസണിലെ ടീമിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. അതേസമയം ബംഗളൂരുവിന്റെ ആദ്യ തോല്‍വിയും. കൗമാര താരം വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് റോയല്‍സിന് ജയം എളുപ്പമാക്കിയത്.

202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിനായി തകര്‍പ്പന്‍ തുടക്കമാണ് വൈഭവ് നല്‍കിയത്. 26 പന്തുകളില്‍ നിന്ന് 78 റണ്‍സാണ് താരം അടിച്ച്കൂട്ടിയത്. ഇതില്‍ എട്ട് ബൗണ്ടറികളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നു. വെറും 15 പന്തുകളില്‍ നിന്നാണ് വൈഭവ് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. ആര്‍സിബിയുടെ മികച്ച ബൗളര്‍മാരായ ജോഷ് ഹേസില്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഓസീസ് പേസറെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ക്കും ഒരു സിക്‌സറിനും പായിച്ച വൈഭവ് ഭുവിയെ തുടര്‍ച്ചയായി സിക്‌സറുകളും പറത്തി.

ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ 13(8) റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുരേല്‍ 81*(43) അര്‍ദ്ധ സെഞ്ച്വറി നേടി. ഷിംറോണ്‍ ഹെറ്റ്മയര്‍ 0(1), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 3(5) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ 9.4 ഓവറില്‍ 134ന് നാല് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. പിന്നീട് വന്ന രവീന്ദ്ര ജഡേജ 24*(25)യെ കൂട്ടുപിടിച്ച് ധ്രുവ് ജുരേല്‍ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ രാജസ്ഥാന്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്നു. പവര്‍പ്ലേയില്‍ നിന്ന് 6 ഓവറില്‍ 97 റണ്‍സാണ് റോയല്‍സ് നേടിയത്.

മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നിലവിലെ ചാമ്പ്യന്‍മാര്‍ അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ആണ് ടോപ് സ്‌കോറര്‍.

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 0(1) പുറത്തായി. വിരാട് കൊഹ്ലി 32(16), ദേവദത്ത് പടിക്കല്‍ 14(7), ക്രുണാല്‍ പാണ്ഡ്യ 1(6), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 5(8), ടിം ഡേവിഡ് 13(9) എന്നിവര്‍ പുറത്തായതോടെ 10.4 ഓവറില്‍ 94ന് ആറ് എന്ന സ്‌കോറിലായിരുന്നു. രജത് പാട്ടിദാര്‍ 63(40) റണ്‍സ് നേടി. നാല് വീതം സിക്സറുകളും ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്സ്.

റൊമാരിയോ ഷെപ്പേര്‍ഡ് 22(11) റണ്‍സെടുത്തപ്പോള്‍ ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ 29*(15), ഭുവനേശ്വര്‍ കുമാര്‍ 9*(7) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സന്ദീപ് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

TAGS: NEWS 360, SPORTS, IPL, RCB VS RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360