
കമ്പാല: ഏറെക്കാലമായി ഒരുകൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ട് തട്ടായി തിരിഞ്ഞ് പോരടിക്കുന്നതായി റിപ്പോർട്ട്. ഉഗാണ്ടയിലെ കിബാലെ ദേശീയോദ്ധ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹമാണ് യുദ്ധം ചെയ്യുന്നത്. ഇവരുടെ ആക്രമണം കണ്ട് ഗവേഷകർ പോലും അമ്പരന്നിരിക്കുകയാണ്. ആഭ്യന്തര യുദ്ധത്തിൽ 28 കുരങ്ങന്മാർക്കാണ് ജീവൻ നഷ്‌ടമായത്.
1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിമ്പാൻസി കൂട്ടമാണ് കിബാലെ ദേശീയോദ്ധ്യാനത്തിലുള്ളത്. 2015ലാണ് ഇവ കൂട്ടം പിരിഞ്ഞ് തുടങ്ങിയത്. 2017ൽ രോഗബാധ കാരണം കുഞ്ഞുങ്ങളടക്കം 25 കുരങ്ങന്മാർ മരിച്ചതോടെ ഇവരുടെ സാമൂഹിക ബന്ധങ്ങളും തകർന്നു. പിന്നീട് 2018 മുതൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഇവർ ആക്രമണങ്ങൾ ആരംഭിച്ചെന്നാണ് ശാസ്‌ത്രജ്ഞരുടെ നിരീക്ഷണം.
കടി, അടി, തൊഴി, വലിച്ചിഴയ്‌ക്കൽ തുടങ്ങിയവയാണ് ചിമ്പാൻസികളുടെ യുദ്ധതന്ത്രങ്ങൾ. 17 കുഞ്ഞുങ്ങളടക്കം 28 കുരങ്ങന്മാർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇപ്പോൾ പെൺ ചിമ്പാൻസികളും ആക്രമണങ്ങളിൽ സജീവമാണെന്ന് ടെക്‌സസ് സർവകലാശാലയിലെ ഡോ. ആറോൺ സാൻഡൽ പറയുന്നു. ഭക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവും ആൺ - പെൺ മത്സരം തീവ്രമായതുമാകാം കാരണമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |