
മൂന്നാർ: മദ്ധ്യവേനലവധിയാരംഭിച്ച് മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലെത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും കൂടി തുടങ്ങി. മൂന്നാറിൽ തിരക്കേറുന്ന ഘട്ടങ്ങളിലെല്ലാം ആവേശം അതിരുവിട്ട് സഞ്ചാരികൾ വാഹനങ്ങളിൽ സാഹസിക യാത്രയ്ക്ക് മുതിരുന്ന കാഴ്ച മൂന്നാറിൽ പതിവായി മാറിയിട്ടുണ്ട്. ഏറെയും കാറിലാണ് സഞ്ചാരികൾ സാഹസിക യാത്രയ്ക്ക് മുതിരാറ്. എന്നാൽ ആവേശം അതിരുവിട്ട് ഏതാനും യുവാക്കൾ വിനോദസഞ്ചാര ബസിൽ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങളാണ് നവമാദ്ധ്യമങ്ങളിലിപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിന് സമീപമായിരുന്നു വാഹനത്തിൽ യുവാക്കളുടെ സാഹസം നടന്നത്. വിനോദ യാത്രയ്ക്കായി മൂന്നാറിലെത്തുന്നവരിൽ ചിലർ വാഹനം റോഡിൽ നിറുത്തി വലിയ ശബ്ദത്തിൽ പാട്ട് വച്ച് മറ്റ് യാത്രക്കാരെ ഗൗനിക്കാതെ കൂട്ടത്തോടെ നൃത്തം ചെയ്യുന്നത് മുമ്പ് പരാതികൾക്കിടയാക്കിയിരുന്നു. മൂന്നാറിലെത്തി കാറിൽ സാഹസിക യാത്രയ്ക്ക് മുതിരുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും മുൻ വർഷങ്ങളിൽ നടപടി കടുപ്പിച്ചിരുന്നു. മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായെത്തി തുടങ്ങിയ സാഹചര്യത്തിൽ റോഡിൽ നിയമ ലംഘനം നടത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മോട്ടോർ വാഹനവകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |