SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.35 AM IST

തറപറ്റി രാജസ്ഥാൻ

Increase Font Size Decrease Font Size Print Page
ipl

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ് 216/6, രാജസ്ഥാൻ റോയൽസ് 159

ഇഷാൻ കിഷന് അർദ്ധസെഞ്ച്വറി (91), പ്രഫുൽ ഹിൻഗെയ്ക്കും സാക്കിബ് ഹുസൈനും അരങ്ങേറ്റത്തിൽ നാലുവിക്കറ്റ് വീതം

ഹൈദരാബാദ് : ഐ.പി.എൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ ആദ്യ തോൽവിയിലേക്ക് തള്ളിയിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് 216/6 എന്ന സ്കോർ ഉയർത്തിയശേഷം രാജസ്ഥാനെ 19 ഓവറിൽ 159ൽ ഒതുക്കുകയായിരുന്നു സൺറൈസേഴ്സ്. (44 പന്തുകളിൽ എട്ടുഫോറും ആറ് സിക്സുമടക്കം 91 റൺസ് നേടിയ ഇഷാൻ കിഷനാണ് ബാറ്റിംഗിൽ സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയതെങ്കിൽ ബൗളിംഗിൽ അരങ്ങേറ്റത്തിനിറങ്ങി നാലുവിക്കറ്റ് വീതം വീഴ്ത്തിയ പ്രഫുൽ ഹിൻഗെയും സാക്കിബ് ഹുസൈനുമാണ് വിസ്മയമായത്.

ഒറ്റയാനെപ്പോലെ പൊരുതിയ നായകൻ ഇഷാൻ കിഷന്റെ സെഞ്ച്വറിക്ക് അടുത്തുവരെയെത്തിയ ഇന്നിംഗ്സാണ് സൺറൈസേഴ്സിന് കരുത്ത് പകർന്നത്. 40 റൺസുമായി ഹെൻറിച്ച് ക്ളാസനും 28 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയും 24 റൺസുമായി സലിൽ അറോറയും 18 റൺസുമായി ട്രാവിസ് ഹെഡും ടീമിനൊപ്പം നിന്നു.

മറുപടിക്കെത്തിയ രാജസ്ഥാന്റെ സൂപ്പർ താരങ്ങളായ വൈഭവ് സൂര്യവംശിയേയും (0),ധ്രുവ് ജുറേലിനെയും(0), ലുഹാൻ പ്രിട്ടോറിയസിനെയും (0) ആദ്യ ഓവറിന്റെ രണ്ടാമത്തെയും നാലാമത്തേയും ആറാമത്തേയും പന്തുകളിലായി പ്രഫുൽ കൂടാരം കയറ്റിയപ്പോൾ തന്നെ മത്സരത്തിന്റെ വിധി വ്യക്തമായിരുന്നു. ഐ.പി.എൽ ചരിത്രത്തിൽ തന്നെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് അരങ്ങേറുന്ന ആദ്യ താരമായി വലംകയ്യൻ പേസറായ പ്രഫുൽ മാറി. അടുത്ത ഓവറിൽ യശസ്വി ജയ്സ്വാളിനെ (1) വീഴ്ത്തി സാക്കിബും വരവറിയിച്ചു. ഇതോടെ രാജസ്ഥാൻ രണ്ട് റൺസിന് നാലുവിക്കറ്റെന്ന നിലയിലായി. മൂന്നാം ഓവറിൽ പ്രഫുൽ റിയാൻ പരാഗിനെയും പുറത്താക്കി നാലുവിക്കറ്റ് തികച്ചു. തുടർന്ന് ചെറുത്തുനിന്ന രവീന്ദ്ര ജഡേജയും (45), ഡൊണോവൻ ഫെരേയയുമാണ് (69) നാണംകെട്ട തോൽവി ഒഴിവാക്കിയത്. ഫെരേരയേയും ആർച്ചറെയും (2),രവി ബിഷ്ണോയ്‌യേയുമാണ് (0) സാക്കിബ് പുറത്താക്കിയത്. ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ സൂപ്പർ താരം അഭിഷേക് ശർമ്മയെ നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് സൺറൈസേഴ്സിനെ രക്ഷിച്ചത് ഇഷാനാണ്. ജൊഫ്ര ആർച്ചറുടെ ആദ്യ പന്തിൽ രവി ബിഷ്ണോയ്‌ക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് ഗോൾഡൻ ഡക്കായത്. തുടർന്ന് ക്രീസിൽ ഒരുമിച്ച ഇഷാനും ഹെഡും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഹെഡ് മടങ്ങിയശേഷം ക്ളാസൻ ഇഷാന് കൂട്ടായെത്തിയതോടെ സ്കോറിംഗിന് വേഗം കൂടി.88 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 14-ാം ഓവറിലാണ് ഇഷാൻ പുറത്തായത്.സന്ദീപ് ശർമ്മയ്ക്ക് ഉയർത്തിയടിച്ച് റിട്ടേൺ ക്യാച്ച് നൽകുകയായിരുന്നു ഇഷാൻ. തുടർന്ന് ക്ളാസനും നിതീഷും കൂടി പുറത്തായി. അവസാന ഓവറുകളിൽ സലിൽ അറോറയാണ് സ്കോർ ഉയർത്തിയത്.

രാജസ്ഥാനുവേണ്ടി ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റിയാൻ പരാഗ്, സന്ദീപ് ശർമ്മ,തുഷാർ ദേശ്പാണ്ഡേ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.